ദോഹ: ഖത്തറിലെ പ്രവാസി കായികമേളക്ക് പുത്തൻ ഉണർവേകാൻ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു എസ് എഫ് എ ). രാജ്യത്തിന്റെ കായിക വിനോദങ്ങളിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടുമായി (ഡബ്ല്യൂ.എസ്.എഫ്.ഐ) ഫെഡറേഷൻ കരാറിൽ ഒപ്പു വെച്ചു. കമ്മ്യൂണിറ്റി തലത്തിൽ കായിക വിനോദ പ്രവർത്തനങ്ങൾ വ്യാപകമാക്കാനുള്ള കായിക യുവജന മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ പ്രവാസി ജനതക്കായി വിവിധ കായിക വിനോദ പരിപാടികൾ സംഘടിപ്പിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഫെഡറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അബദുല്ല അൽ ദോസരിയും ഡബ്ല്യൂ.എസ്.ഐ.എഫ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഖുലൂദ് ബിൻത് സൈഫ് അൽ കുബൈസിയും കരാറിൽ ഒപ്പുവെച്ചു.
താൽപര്യമുള്ള പ്രവാസി കമ്മ്യൂണിറ്റികൾക്ക് കായിക പരിപാടികൾ സംഘടിപ്പിക്കാൻ മുൻനിരയിലുണ്ടാകുമെന്നും എല്ലാ വിഭാഗങ്ങൾക്കും കായിക പ്രവർത്തനങ്ങളിലൂടെ ആരോഗ്യ പരിശീലനം നടത്താനുള്ള സുവർണവസരമാണിതെന്നും അബ്ദുല്ല അൽ ദോസരി പറഞ്ഞു. രാജ്യത്തെ തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് കരാറെന്നും അൽ ദോസരി കൂട്ടിച്ചേർത്തു. ഈ വർഷം മുതൽ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സ്ത്രീകൾക്കായി റമസാനിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് നേരത്തെ ക്യു.എസ്.എ.എഫ് പ്രഖ്യാപിച്ചിരുന്നു.
2022 ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി തൊഴിലാളികൾക്കായി വർക്കേഴ്‌സ് കപ്പിന്റെ വിവിധ പതിപ്പുകളും അധികൃതർ സംഘടിപ്പിച്ചിരുന്നു. ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, വോളിബോൾ എന്നിവയുൾപ്പെടെ വിവിധ കായിക ഇനങ്ങളുമായി വർക്കേഴ്സ് കപ്പ് സജീവമായിരുന്നു.
