മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയയര്‍ത്തിയാണ് പ്രവാസികളുടെ കൂട്ടായ്മകള്‍ ഇഫ്താര്‍ സംഗമം ഒരുക്കുന്നത്
ജിദ്ദ: മാനവരാശിയുടെ സാഹോദര്യത്തിന്റെ മഹത്വം വിളിച്ചോതി പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടക്കുന്നു. സൗദി അറേബ്യയിലെ വിവിധ പ്രവാസി കൂട്ടായ്മകളാണ് കുടുംബ സംഗമത്തിനു അവസരമൊരുക്കുന്നത്.
മതങ്ങളിലൂടെ മനുഷ്യ മനസ്സുകളെ ഒരുമിപ്പിക്കാനുള്ള നീക്കമാണ് ഈ സംഗമങ്ങള്‍. വിവിധ മതവിഭാഗങ്ങളെ വിദ്വേഷത്തിന്റെ വിഷം പടര്‍ത്തി അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് സ്‌നേഹവിരുന്നുമായി പ്രവാസി സംഗമങ്ങള്‍ അരങ്ങേറുന്നത്.
ഇതര മതവിഭാഗങ്ങളുടെ ആചാരങ്ങളെ അടുത്തറിയാനും അവരുമായി സാഹോദര്യത്തിന്റെ ഇഴയടുപ്പും ഊട്ടിയുറപ്പിക്കാനുമുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത്. മനസ്സു തുറന്നുള്ള ഒത്തുചേരലുകള്‍ പരസ്പരം അറിയാനും സ്‌നേഹാദരങ്ങള്‍ പങ്കിടാനുമുള്ള വേദിയാകും.
ഉപവാസവും നോമ്പുതുറയും സഹനത്തിന്റേയും സഹജീവനത്തിന്റേയും പ്രതീകങ്ങളാണ്. റമദാന്റെ സന്ദേശം മാനവരാശിയിലേക്ക് പകരുന്ന പ്രതീകാത്മകത ഈ ഇഫ്താര്‍ സ്‌നേഹവിരുന്നുകളിലുണ്ട്.
പ്രവാസി സംസ്‌കാരിക വേദിയുള്‍പ്പടെ സംസ്‌കാരിക സംഘടനകളും സ്‌നേഹവിരുന്നിന്റെ ഭാഗമാണ്. കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവു വന്ന ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയിലാണ് വീണ്ടും സ്‌നേഹവിരുന്നകള്‍ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
രണ്ട് വര്‍ഷക്കാലം സാമൂഹിക ഒത്തുചേരലുകള്‍ ഇല്ലാതെ അവരവരുടെ താമസയിടങ്ങളില്‍ കഴിഞ്ഞതിനു ശേഷം വന്ന സ്‌നേഹ സംഗമമാണ് ഇപ്പോള്‍ നടക്കുന്നതെന്നതും ഈ സൗഹൃദ സംഗമങ്ങളെ സവിശേഷമാക്കുന്നു.
മഹാമാരി തീര്‍ത്ത അകലം ഇഫ്താറിലൂടെ ഇല്ലാതാകുന്ന കാഴ്ചയും കാണാനാകും. സ്‌നേഹ വിരുന്നില്‍ പങ്കെടുക്കാനെത്തിയവരുടെ മുഖത്ത് ഒത്തുചേരലിലൂടെ ലഭിച്ച ആത്മവിശ്വാസവും ആഹ്‌ളാദവും പ്രകടമാണ്.
വിഷു ദിനത്തിലേയും ഈസ്റ്റര്‍ ദിനത്തിലെയും സായ്ഹാന്നങ്ങളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകള്‍ ശ്രദ്ധേയമായിരുന്നു. പ്രവാസി കുടുംബാംഗങ്ങള്‍ അവരവരുടെ വീടുകളില്‍ സ്വയം തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ പങ്കുവെച്ചുള്ള ഇഫ്താര്‍ വിരുന്നുകളും പതിവിലേറെ സ്‌നേഹം വിളമ്പുന്നതായിരുന്നു.












