ദുബായ് : ഇന്ത്യൻ മാങ്ങകൾ തന്നെ ഗൃഹാതുര ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ. ദുബായ് ഖിസൈസ് ലുലുവിൽ മാമ്പഴോൽസവം ഉദ്ഘാടനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് മാത്രമല്ല, എല്ലാ ഇന്ത്യൻ പ്രവാസികളുടെയും ബാല്യകാല ഓർമകൾ മാമ്പഴവുമായി ബന്ധപ്പെട്ടതായിരിക്കും.
നാട്ടിൽ ഒട്ടേറെ തരം മാമ്പഴങ്ങളുടെ രുചി അറിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും മാമ്പഴങ്ങൾ ഒരിടത്ത് തന്നെ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. വളരെ വ്യത്യസ്ത ഇനങ്ങൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുവെന്നും ഇതിന് സാഹചര്യമൊരുക്കിയ ലുലു ഗ്രൂപ്പിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലുലു എല്ലാ വർഷവും നടത്തുന്ന മാമ്പഴോൽസവത്തിൽ ഇപ്രാവശ്യം 20 രാജ്യങ്ങളിൽ നിന്നുള്ള 100ലേറെ തരം മാമ്പഴങ്ങളാണ് ഉള്ളതെന്നും ഇതിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ ഇനങ്ങളാണെന്നും ലുലു റീജനൽ ഡയറക്ടർ കെ.പി. തമ്പാൻ പറഞ്ഞു. ഇപ്രാവശ്യം മാംഗോ ഫെസ്റ്റിവലും മാംഗോ മാനിയയുടെയും ഒന്നിച്ചാണ് നടക്കുന്നത്.
കിലോഗ്രാമിന് 15,000 രൂപ വിലയുള്ള ഇന്ത്യയിൽ വിളഞ്ഞ ജപ്പാൻ ഇനമായ മിയാസാക്കിയാണ് ഇപ്രാവശ്യത്തെ സവിശേഷ മാമ്പഴം. ഇതിന് കിലോഗ്രാമിന് 580 ദിർഹമാണ് വില ഈടാക്കുന്നത്. ഇന്ത്യയെ കൂടാതെ, യുഎഇ, യെമൻ, ബ്രസീൽ, മെക്സിക്കോ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തൊനീഷ്യ, ഐവറി കോസ്റ്റ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെയും സ്വാദേറിയ ഇനങ്ങൾ മാമ്പഴോൽസവത്തിൽ ലഭ്യമാണ്.
കൂടാതെ, മാങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചൂടൻ വിഭവങ്ങൾ, ബേക്കറി സാധനങ്ങൾ എന്നിവയും ഇവിടെയുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകളിലും online @ luluhypermarket.com വഴിയും മാമ്പഴം വാങ്ങിക്കാം. ഈ മാസം 10ന് സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർ ജെയിംസ് കെ. വർഗീസ് സംബന്ധിച്ചു.
