ദുബായ് ∙ യുഎഇയിൽ നിന്നുള്ള രാജ്യാന്തര പണമിടപാടുകൾക്കായി എമിറേറ്റ്സ് എൻബിഡി ബാങ്ക് പുതിയ ഫീസ് ഘടന പ്രഖ്യാപിച്ചതോടെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സെപ്റ്റംബർ 1 മുതൽ ആപ്പ്, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ വഴി നടത്തുന്ന എല്ലാ രാജ്യാന്തര പണമിടപാടുകൾക്കും 26.25 ദിർഹം ഫീസ് ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു.
ഇടപാടുകാർക്ക് അയച്ച ഇ-മെയിലിലൂടെയാണ് ഈ മാറ്റം സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ബാങ്ക് നൽകിയത്. ഇതുവരെ ഇന്ത്യ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഈജിപ്ത്, യുകെ എന്നിവിടങ്ങളിലേക്ക് 60 സെക്കൻഡിനുള്ളിൽ പണം കൈമാറാൻ സഹായിക്കുന്ന ഡയറക്ട് റെമിറ്റ് സേവനത്തിന് ഫീസ് ഇല്ലാതിരുന്നുവെങ്കിലും, ഇനി ഈ സേവനവും ഫീസ് പരിധിയിൽപ്പെടും.
അത് മാത്രമല്ല, പ്രാദേശിക പണമിടപാടുകൾ റദ്ദാക്കുന്നതിനും ഇനി മുതൽ ബാങ്ക് ഫീസ് ഈടാക്കും. നിലവിലെ സൗജന്യ സംവിധാനത്തിൽ നിന്നും മാറ്റം സംഭവിക്കുന്നതിനാൽ, സ്ഥിരമായി വിദേശത്തേക്ക് പണമയക്കുന്നവർക്കും ചെറുകിട ഇടപാടുകൾ നടത്തുന്നവർക്കും ഇത് സാമ്പത്തികഭാരമാകാനിടയുണ്ട്.
പുതിയ ഫീസ് ഘടനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ കസ്റ്റമർ സർവീസ് കേന്ദ്രങ്ങളിലൂടെയോ ഉപഭോക്താക്കൾക്ക് ലഭ്യമാകും.