നാടിന്റെ വികസനത്തിനു വേണ്ടി നിലകൊള്ളുന്നവരുടെ സമ്മേളനം ബഹിഷ്‌കരിച്ചത് കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ലോക കേരള സഭ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ച നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ വികസനത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് ലോക മലയാളികള്‍ ഇതിനായി മനസ്സ് അര്‍പ്പിച്ച് മുന്നേറുകയാണ്.
ഈ അവസരത്തില്‍ അവര്‍ക്കൊപ്പം സഹകരിക്കുകയാണ് നന്‍മയുള്ളവര്‍ ചെയ്യേണ്ടത്. പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത നടപടിയായെന്നും ലോക കേരള സഭയുടെ സമാപന ചടങ്ങിനെത്തിയെ സദസ്സിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സമ്മേളന വേദിയിലെത്തിയിരുന്നില്ല, ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം വ്യവസായി മന്ത്രി പി രാജീവ് വായിക്കുകയായിരുന്നു.
നേരത്തെ, ലോക കേരള സഭയില്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന് യുഡിഎഫ്, എന്‍ഡിഎ എന്നീ പ്രതിപക്ഷ കക്ഷികള്‍ അറിയിച്ചിരുന്നു.
വിദേശ കാര്യ സഹമന്ത്രി വി മുരളീധരനേയും ചടങ്ങുകളിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹവും ക്ഷണം നിരസിക്കുകയായിരുന്നു.
കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയരായവര്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന നിലപാടിലായിരുന്നു വിദേശ കാര്യ മന്ത്രി വി മുരളീധരന്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഓഫീസുകളേയും സിപിഎം ആക്രമിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ലെന്ന് യുഡിഎഫും അറിയിച്ചിരുന്നു.
പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചതിലും ധൂര്‍ത്തെന്ന് ആക്ഷേപിച്ചതിലും വ്യവസായ പ്രമുഖനായ എംഎ യൂസഫലി വിമര്‍ശിച്ചിരുന്നു.