വേനലവധിക്കാലം കഴിഞ്ഞു മടങ്ങുന്ന പ്രവാസി കുടുംബങ്ങള്‍ മടക്കയാത്രയ്ക്ക് നല്‍കേണ്ടി വരുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്ക്
അബുദാബി: സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങുന്ന പ്രവാസികള്‍ ഉയര്‍ന്ന വിമാന നിരക്ക് നല്‍കേണ്ടി വരുന്നു.
ഓഗസ്ത് പതിനാലു മുതല്‍ പലരും മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. ബുക്കിംഗ് തിരക്ക് വര്‍ദ്ധിച്ചതോടെ ഉയര്‍ന്ന ടിക്കറ്റു നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്.
1500 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഏകദേശം 32,000 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബം മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക്കു ചെയ്യാന്‍ ഏകദേശം 1.2 ലക്ഷം രൂപ ചെലവഴിക്കേണ്ടതായി വരുന്നുണ്ട്.
ഓഗസ്ത് അവസാന വാരമാണ് ഗള്‍ഫില്‍ മിക്കയിടങ്ങളിലും സ്‌കൂള്‍ തുറക്കുന്നത്. പതിനഞ്ചു ദിവസം കൂടി കഴിഞ്ഞ് വരാന്‍ പദ്ധതിയിട്ടാല്‍ നിലവിലെ ടിക്കറ്റ് നിരക്ക് നാല്‍പതിനായിരം രൂപയ്ക്കു മുകളിലാകും. ഏകദേശം രണ്ടായിരം ദിര്‍ഹത്തിനു മേലാണ് ടിക്കറ്റ് നിരക്ക്.
സെപ്തംബറിലേക്കും ഇതേ നിരക്ക് തന്നെയാകും. സാധാരണ സമയങ്ങളില്‍ 400 ദിര്‍ഹം വരുന്ന തുകയാണ് വേനല്‍ക്കാല തിരക്കിന്റെ പേരില്‍ 2000 ദിര്‍ഹം വരെ ഉയരുന്നത്.
നിരക്ക് വര്‍ദ്ധനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയാണ് പലരും നാട്ടില്‍ എത്തിയത്. ഇതേ സാഹചര്യമാണ് വീണ്ടും സംജാതമായിരിക്കുന്നത്. മടക്കയാത്രയിലും ഇതേ സംവിധാനം ഏര്‍പ്പാടാക്കാനാണ് പലരും ആലോചിക്കുന്നത്.