ജിദ്ദ : എണ്ണ ഉൽപാദനത്തിലും എണ്ണ ശേഖരത്തിലും ക്രൂഡ് ഓയില്‍ കയറ്റുമതിയിലും പ്രകൃതി വാതക ശേഖരത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ പുറത്തുവിട്ട ഡാറ്റകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണ ഉല്‍പാദനത്തിൽ അടക്കമുള്ള ആഗോള ഊര്‍ജ സൂചകങ്ങളില്‍ ജി.സി.സി രാജ്യങ്ങള്‍ ഒന്നാം സ്ഥാനത്താണ്.പ്രകൃതിവാതക കയറ്റുമതിയുടെ കാര്യത്തില്‍ ജി.സി.സി രാജ്യങ്ങള്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്തും വിപണനം ചെയ്യപ്പെടുന്ന പ്രകൃതിവാതകത്തിന്റെ ഉല്‍പാദനത്തില്‍ മൂന്നാം സ്ഥാനത്തുമാണ്. 2023 ല്‍ ജി.സി.സി രാജ്യങ്ങള്‍ പ്രതിദിനം 1.7 കോടി ബാരല്‍ അസംസ്‌കൃത എണ്ണ വീതം ഉല്‍പാദിപ്പിച്ചു. ഇത് മൊത്തം ആഗോള ക്രൂഡ് ഓയില്‍ ഉല്‍പാദനത്തിന്റെ 23.2 ശതമാനമാണ്.
2023 ലെ കണക്കുകള്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ 511.9 ബില്യൻ ബാരല്‍ അസംസ്‌കൃത എണ്ണ ശേഖരമുണ്ട്. ഇത് മൊത്തം ആഗോള അസംസ്‌കൃത എണ്ണ ശേഖരത്തിന്റെ 32.6 ശതമാനമാണ്. 2023 ല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അസംസ്‌കൃത എണ്ണ കയറ്റുമതി പ്രതിദിനം 1.24 കോടി ബാരലായിരുന്നു. മൊത്തം ആഗോള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 28.2 ശതമാനം ഗള്‍ഫ് രാജ്യങ്ങളുടെ വിഹിതമായിരുന്നു.
2023 ല്‍ ജി.സി.സി രാജ്യങ്ങള്‍ 151.86 കോടി ബാരല്‍ വ്യത്യസ്ത ഇനം ഇന്ധനങ്ങള്‍ കയറ്റി അയച്ചു. ഇത് ആഗോള ഇന്ധന കയറ്റുമതിയുടെ 13.4 ശതമാനമാണ്. 2022 നെ അപേക്ഷിച്ച് 2023 ല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇന്ധന കയറ്റുമതിയില്‍ 7.1 വര്‍ധന രേഖപ്പെടുത്തി.
