മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തിയതിനു ശേഷം എക്കാലത്തേക്കും കൈവശം വെക്കാനുള്ളതല്ല. നിശ്ചിത ഇടവേളകളില്‍ അവയുടെ പ്രകടനം നിക്ഷേപകര്‍ അവലോകനം ചെയ്യേണ്ടതുണ്ട്. ഒരേ വിഭാഗത്തില്‍ പെടുന്ന സ്‌കീമുകള്‍ നല്‍കുന്ന റിട്ടേണിലെ വലി യ അന്തരം നിക്ഷേപകര്‍ കൃത്യമായ ഇടവേളകളില്‍ പോര്‍ട്‌ഫോളിയോ പുനരവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് കഴിഞ്ഞ 3 വര്‍ഷത്തിനിടെ ലാര്‍ജ്‌കാപ് സ്‌കീമുകളില്‍ ഏറ്റവും ഉയര്‍ന്ന റിട്ടേണ്‍ നല്‍കിയ ആക്‌സിസ് ബ്ലൂചിപ് ഫണ്ട് 9.07 ശതമാനം നേട്ടമാണ് വാര്‍ഷിക അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയത്. അതേ സമയം ഫ്രാങ്ക്‌ളിന്‍ ബ്ലൂചിപ് ഫണ്ട് നല്‍കിയ റിട്ടേണ്‍ 1.73 ശതമാനം പ്രതിവര്‍ഷ നഷ്‌ടമാണ്. നേട്ടത്തിലെ അന്തരം ഏകദേശം 11 ശതമാനം.
വിപണിയിലെ ശക്തമായ ചാഞ്ചാട്ടം ഒരു വിഭാഗം ഓഹരികള്‍ മാത്രം ഉയര്‍ന്ന നേട്ടം നല്‍കുന്ന സാഹചര്യമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. പ്രധാനമായും ഒരു വിഭാഗം ബ്ലൂചിപ് ഓഹരികളാണ് സമീപകാലത്ത് മികച്ച നേട്ടം നല്‍കുന്നത്. സ്വാഭാവികമായും ഇത്തരം ബ്ലൂ ചിപ് ഓഹരികളില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടുകള്‍ സമീപകാലത്ത് മിക ച്ച നേട്ടം രേഖപ്പെടുത്തി. ആക്‌സിസ് ബ്ലൂചിപ് ഫണ്ട് ഉദാഹരണം. ചാഞ്ചാട്ട വേളയില്‍ പത്ത് ശതമാനത്തിലേറെ കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തിയതും ഈ ഫണ്ടിന് ഗുണം ചെയ്‌തു. അതേ സമയം ദുര്‍ബലമായ മാനേജ്‌മെന്റുകളുടെ കീഴിലുള്ള ഓഹരികളില്‍ ഗണ്യമായ നി ക്ഷേപം നടത്തിയ ഓഹരികള്‍ സമീപ മാസങ്ങളില്‍ ശക്തമായ ഇടിവ് നേരിട്ടു. ഇത്തരം ഓഹരികളില്‍ നിക്ഷേപം നടത്തിയ ഫണ്ടുകള്‍ ക്ക് മികച്ച പ്രകടനം കാഴ്‌ച വെക്കാന്‍ സാധിക്കാതെ പോയി.
ഏറ്റവും മികച്ച ഫണ്ട് കണ്ടെത്തി നിക്ഷേപം നടത്തുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും മികച്ച നേട്ടം നല്‍കിയ ഫണ്ട് അടു ത്ത വര്‍ഷവും ഈ മികവ് ആവര്‍ത്തിക്കണമെന്നില്ല. അതേ സമയം തുടര്‍ച്ചയായി ദുര്‍ബലമായ റിട്ടേണ്‍ മാത്രം നല്‍കുന്ന ഫണ്ടുകളില്‍ നിക്ഷേപം തുടരുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. മൂന്ന് വര്‍ഷ കാലയളവില്‍ ഫണ്ട് നല്‍കിയ റിട്ടേണ്‍ താഴ്‌ന്നതാണെങ്കില്‍ മറ്റൊരു മികച്ച ഫണ്ടിലേക്ക് മാറുന്നതാകും നല്ലത്.
മിഡ്‌കാപ് ഫണ്ടുകളുടെ പ്രകടനത്തിലും സമാനമായ അന്തരം കാണാം. ഉദാഹരണത്തി ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആക്‌സിസ് മിഡ്‌കാപ് ഫണ്ട് 8.47 ശതമാനം ശരാശരി പ്രതിവര്‍ഷ നേട്ടം നല്‍കിയപ്പോള്‍ എസ്‌ബിഐ മിഡ്‌കാപ് ഫണ്ട് നല്‍കിയത് 4.57 ശതമാനം പ്രതിവര്‍ഷ നഷ്‌ടമാണ്.
വിപണി ഉയരുമ്പോഴും മികച്ച പ്രകടനം കാഴ്‌ച വെക്കാത്ത മേഖലകളിലും ഓഹരികളിലും ഉയര്‍ന്ന തോതില്‍ നിക്ഷേപം നടത്തിയ ഫണ്ടുകളാണ് തിരിച്ചടി നേരിട്ടത്. ഉദാഹരണത്തിന് ഭാരതി എയര്‍ടെല്ലും ഐഡിയയും പോലെ ടെലികോം ഓഹരികളില്‍ ഗണ്യമായ നിക്ഷേപം നടത്തിയ ഫണ്ടുകള്‍ ഉയര്‍ന്ന നേ ട്ടം നല്‍കുന്നതില്‍ പരാജയപ്പെട്ടു. അതുപോലെ തുടര്‍ച്ചയായി ദുര്‍ബലമായ പ്രകടനം കാഴ്‌ച വെക്കുന്ന ഫാര്‍മ മേഖലയിലും പൊതുമേഖലാ ബാങ്കിങ് ഓഹരികളിലും ഗണ്യമായ നിക്ഷേപം നടത്തിയ ഫണ്ടുകളും ദുര്‍ബലമായ പ്രകടനത്തിലേക്ക് വഴുതിവീണു. അതേ സമയം എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്റസ്‌ട്രീസ്, ബജാജ് ഫിനാന്‍സ്, കോട്ടക്ക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ബ്ലൂചിപ് കമ്പനികള്‍ക്ക് ഉയര്‍ന്ന വെയിറ്റേജ് നല്‍കിയ സ്‌കീമുകള്‍ക്ക് മികച്ച നേട്ടം നല്‍കാന്‍ സാധിച്ചു.