സുധീര്‍നാഥ്
എല്ലാ ഗ്രാമങ്ങളിലും ഒരു കവലയുണ്ടാകും. നാല് വഴികള്‍ ചേരുന്ന പ്രദേശത്തെയാണ് കവല എന്ന് പറയുന്നത്. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലേിയക്ക് പോകുന്ന കവലയെ സ്റ്റേഷന്‍കവല എന്നാണ് ഇപ്പോഴും പറയുന്നത്. പണ്ടൊക്കെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ പോകാന്‍ അവിടെ ബസ് ഇറങ്ങി നടക്കണമായിരുന്നു. തൊട്ടടുത്ത മറ്റൊരു കവലയില്‍ ടോള്‍ പിരിച്ചിരുന്നു. ഇടപ്പള്ളി പാലം കടക്കുന്നത് പുതിയ പ്രദേശത്താണ്. രണ്ട് നാട്ടുരാജാക്കന്‍മാരുടെ രാജ്യത്തിന്‍റെ അതിര്‍ത്ഥിയായിരുന്നു ഇടപ്പള്ളി തോട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്ത് കടക്കാന്‍ ടോള് നല്‍കണമായിരുന്നു. അങ്ങിനെ ടോള്‍ പിരിച്ചിരുന്ന കവലയെ ടോള്‍ ജംഗ്ഷന്‍ എന്നാണ് ജനങ്ങള്‍ വിളിച്ചത്. അതുപോലെ തന്നെയായിരുന്നു പൈപ്പ് ലൈന്‍ ജംഗ്ഷന്‍. കുട്ടികാലത്ത് പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കുന്നതിന് ഇടം വലം നോക്കേണ്ട കാര്യമില്ല. കാരണം വളരെ അപൂര്‍വ്വമായി മാത്രമേ വാഹനം അക്കാലത്ത് ഓടിയിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. എത്ര മിനിറ്റ് കാത്തു നിന്നാലാണ് റോഡ് മുറിച്ച് കടക്കുവാന്‍ സാധിക്കു. രാവിലേയും വൈകുന്നേരവും എന്തു തിരക്കാണ് ഞങ്ങളുടെ പൈപ്പ് ലൈന്‍ ജംഗ്ഷനില്‍…!
ഇടപ്പള്ളിയില്‍ നിന്ന് പുക്കാട്ടുപടി റോഡില്‍ ഇടയ്ക്ക് സിനിമാ, സര്‍ക്കസ് തുടങ്ങിയ പരസ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഉച്ചഭാഷിണിയില്‍ വിളിച്ച് പറഞ്ഞ് പോകുന്ന പതിവുണ്ട്. വണ്ടിയില്‍ നിന്ന് വിതറുന്ന നോട്ടീസ് പെറുക്കാന്‍ കുട്ടിയായ ഞാന്‍ കുറേ ഓടിയിട്ടുണ്ട്. അക്കാലത്ത് അവിടെ വലിയ കടകളൊന്നും ഉണ്ടായിരുന്നില്ല. ഉൂറായി നടത്തിയ പച്ചക്കറി കട ഏറ്റവും പഴക്കം ചെന്ന ഒന്നാണ്. കുറേ നാളുകള്‍ നടത്തിയ ശേഷം അദ്ദേഹം അത് അലിയാര്‍ക്ക് ക്കൈമാറി. ഊഴം എന്ന സിനിമയില്‍ പൈപ്പ് ലൈന്‍ ജംഗ്ഷനും, അന്നത്തെ അലിയാരുടെ പച്ചക്കറി കടയും കാണിക്കുന്നുണ്ട്. കൊച്ചു മൊയ്തീന്‍റെ ചായക്കട ഒരു സാംസ്ക്കാരിക കേന്ദ്രമായിരുന്നു. ചായകുടിയും, പത്രം വായനയും, റേഡിയോ വര്‍ത്തയും അവിടെ ഉണ്ടാകും.
വിന്‍സന്‍റിന്‍റെ പലചരക്ക് കട എന്‍റെ നാട്ടിലെ ജനങ്ങളുടെ ആശ്വാസമായിരുന്നു. കടയുടെ പുറത്ത് വലിയ ഒരു കോണ്‍ക്രീറ്റ് തൊട്ടിയുള്ളത് ഓര്‍മ്മകളില്‍ ഓടി എത്തുന്നു. കല്ലുപ്പായിരുന്നു അതില്‍. ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റായിരുന്നു വിന്‍സന്‍റ് മാപ്പിള എന്ന് വിളിക്കുന്ന വിന്‍സന്‍റ്. പാവങ്ങള്‍ക്ക് ഒട്ടേറെ സഹായം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ ജോജി ഇപ്പോഴും കട നടത്തുന്നു. പക്ഷെ സ്ഥലം അല്‍പം മാറി പൈപ്പ് ലൈന്‍ ജംഗ്ഷ് സമീപം തന്നെ.
ഡ്രസ്സ് ലാന്‍റ് എന്ന തയ്യല്‍ കട അബ്ദുള്‍ റഹ്മാന്‍ നടത്തിയിരുന്നു. ഇതിനിടയില്‍ പുതുതായി പാചകവാതക ഗ്യാസ് കുറ്റികളുടെ സൂക്ഷിപ്പും, മണ്ണിലാന്‍റെ മറ്റൊരു സ്റ്റേഷനറി കടയും പൈപ്പ് ലൈനില്‍ ആരംഭിച്ചു. പിന്നെ പപ്പനാഭന്‍ നായരുടെ പെട്ടിക്കടയും, തങ്കപ്പന്‍റെ ബാര്‍ബര്‍ ഷോപ്പും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ഭാരത മാതാ പോസ്റ്റോഫീസിന്‍റെ പോസ്റ്റ് ബോക്സ് പൈപ്പ് ലൈന്‍ കവലയില്‍ ഉണ്ടായിരുന്നു. ഉച്ചയോടെ ദിവസവും പോസ്റ്റ് മാന്‍ അത് തുറന്ന് ചുരുങ്ങിയത് ഇരുപത് മുതല്‍ മുപ്പത് കത്തുകള്‍ ശേഖരിക്കുമായിരുന്നു.
കടകളെ കുറിച്ച് പറയുമ്പോള്‍ അവിടുത്തെ ചില വിശേഷങ്ങളും പങ്കുവെയ്ക്കണമല്ലോ. ജനങ്ങള്‍ അന്‍പത് ഗ്രാം മുതല്‍ സാധനങ്ങള്‍ വാങ്ങുന്ന കാലമാണ്. അന്‍പത് ചായപ്പൊടി, നൂറ് വെളിച്ചെണ്ണ, തുടങ്ങി ഓര്‍ഡര്‍ കൊടുക്കുന്നത് കേട്ടിട്ടുണ്ട്. കാല്‍ക്കുലേറ്ററിന്‍റെ സഹായമില്ലാതെയായിരുന്നു അക്കാലത്തെ കച്ചവടക്കാര്‍ കണക്ക് നോക്കിയിരുന്നത്. ഇന്ന് രണ്ട് ഇനം വാങ്ങിയാല്‍ അതിന്‍റെ ആകെ തുകയ്ക്ക് കാല്‍ക്കുലേറ്ററിനെ ആശ്രയിക്കുന്നു. ഇന്നത്തെ പോലെ ഷട്ടറുകളല്ല. മരത്തിന്‍റെ പാളികള്‍ വെച്ച് അടയ്ക്കുകയാണ് പതിവ്. നിര തെറ്റാതിരിക്കാന്‍ നമ്പറുകള്‍ എഴുതി വെച്ചിട്ടുണ്ടാകും. സാധനങ്ങള്‍ പേപ്പറുകള്‍ കുമ്പിള്‍ ആക്കി ചാക്ക് നൂലില്‍ കെട്ടിയാണ് തന്നിരുന്നത്. പ്ലാസ്റ്റിക്ക് അത്ര പ്രചാരമില്ലാത്തതിനാല്‍ പരിസ്ഥിതിക്ക് അക്കാലത്ത് കോട്ടം തട്ടിയിരുന്നില്ല. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. എന്ത് വാങ്ങിയാലും, പ്ലാസ്റ്റിക്ക് കവറില്‍ ലഭിക്കും. പാല് പോലും കവറിലായി.
മറ്റ് എല്ലാ ഗ്രാമങ്ങളും പ്രചാരം സിദ്ധിച്ച ടൈപ്പ്റേറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് പൈപ്പ് ലൈന്‍ ജംഗ്ഷനിലും ആരംഭിച്ചു. അക്കാലത്ത് വിദ്യഭാസമുള്ളവര്‍ ടൈപ്പ് റൈറ്റിങ്ങ് പഠിക്കുക എന്നത് ശീലമായിരുന്നു. ഷോട്ട് ഹാന്‍റും അവിടെ പഠിപ്പിക്കുമായിരുന്നു. ഫാക്റ്റ് സ്ക്കൂളില്‍ അദ്ധ്യാപകനായിരുന്ന ജനാര്‍ദ്ധനന്‍ മാഷ് ആരംഭിച്ചതാണ് ഇത്. ഭാര്യ ഇന്ദിരയായിരുന്നു വിദ്യാമന്ദിര്‍ എന്ന പേരില്‍ ടൈപ്പ്റേറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നത്.
പൈപ്പ് ലൈന്‍ ജംഗ്ഷനിലെ മുക്കാല്‍ സെന്‍റില്‍ ഉയര്‍ന്ന വലിയ കോണ്‍ക്രീറ്റ് കെട്ടിടം ഇതിനിടയില്‍ ഒരു മൂലയില്‍ ഉയര്‍ന്നു. അപ്പോള്‍ അവിടെ റേഷന്‍ കട തുടങ്ങി. ക്കൈതപ്പാടത്ത് സലാമായിരുന്നു നടത്തിപ്പ്. ഇതിനിടയില്‍ ഡ്രസ്ലാന്‍റ് ടൈലറിങ്ങ് ഷോപ്പ് സലാമിന്‍റെ സഹോദരന്‍ നൗഷാദ് ഏറ്റെടുത്ത് ഓക്സഫോഡ് എന്ന് പേര് മാറ്റി തുടങ്ങി. ഇന്ന് ഈ കെട്ടിടം രൂപമാറ്റം സംഭവിച്ച് പള്ളിയായി.
പോംസ് എന്ന കട 1988ല്‍ ഇതിനിടയില്‍ പൈപ്പ് ലൈനില്‍ തുടങ്ങി. ജോയ് ഐസ്ക്രീമും, മില്‍മ്മ ഐസ്ക്രീമും അവിടെ ലഭിക്കുമായിരുന്നു. ഒരു ആധുനിക കട എന്ന് തന്നെ വിശേഷിപ്പിക്കാം. കമ്മ്യൂണിസ്റ്റ് നേതാവായ എം ഒ ഫിലിപ്പിന്‍റെ മരുമകള്‍ ശോഭയായിരുന്നു കട നടത്തിയിരുന്നത്. വീഡിയോ കാസറ്റുകള്‍ പ്രചാരത്തില്‍ വന്ന കാലത്ത് തന്നെ പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ ദാസ് വിഡിയോസ് വന്നു. പ്രദീപായിരുന്നു നടത്തിപ്പ്. ഇടപ്പള്ളി ടോളിന് സമീപം അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍ സാജന്‍ ഇതേ പേരില്‍ മറ്റൊരു വീഡിയോ കടയും നടത്തിയിരുന്നു. ഇപ്പോള്‍ അത് ഡിവിഡിയിലേയ്ക്ക് മാറി. അതുകൊണ്ട് വലുപ്പവും കുറഞ്ഞു.
കൊച്ചു വറീത് പച്ചക്കറിയുമായി ക്യൂന്‍ മേരി എന്ന പേരില്‍ ജംഗ്ഷനില്‍ കച്ചവടം തുടങ്ങിയതും എണ്‍പതുകളുടെ അവസാനമാണ്. മക്കളായ ബാബു, റോസ്ലി, സിനി, സിജോ തുടങ്ങിയവര്‍ സഹായത്തിന് ഉണ്ടാകും. പച്ചക്കറിക്കട മകന്‍ ബാബു ഏറ്റെടുത്തു. പതിയെ അത് ചായക്കടയായി മാറി. വിരലിലെണ്ണാവുന്ന കടകളുണ്ടായിരുന്നിടത്ത് പലതരം കടകളെ കൊണ്ട് പൈപ്പ് ലൈന്‍ ജംഗ്ഷന്‍ നിറഞ്ഞു. അതുകൊണ്ട് തന്നെ തിരക്കായി. പരസ്പരം തിരിച്ചറിയാവുന്ന വ്യക്തികള്‍ മാത്രമായിരുന്നു പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ ഉണ്ടായിരുന്നത്. ഇന്ന് അപരിചിതരാണ് ചുറ്റിനും.