മസ്കത്ത് : ആടു ജീവിതം സിനിമയുടെ പുരസ്കാര നേട്ടങ്ങളിൽ സന്തോഷം പങ്കുവച്ച് ചിത്രത്തിൽ അർബാബ് ആയി വേഷമിട്ട ഒമാനി നടൻ ഡോ. താലിബ് അൽ ബലൂഷി. ചിത്രത്തിന് നിരവധി പുരസ്കാരങ്ങൾ നേടാൻ സാധിച്ചതിൽ താൻ വളരെ ആഹ്ലാദത്തിലാണെന്നും സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും അൽ ബലൂഷി പ്രതികരിച്ചു.
ചിത്രത്തിൽ അവസരം നൽകിയ ബ്ലെസിയോട് പ്രത്യേകം നന്ദി പറയുന്നു. എന്റെ പ്രകടനം എല്ലാവര്‍ക്കും ഇഷ്ടാമായെന്ന് മനസ്സിലാക്കുന്നു . കഥാപാത്രത്തെ പ്രേക്ഷകർ
വെറുക്കുന്നുവെന്നത് തന്റെ വിജയമാണെന്നും ഡോ. താലിബ് അൽ
ബലൂഷി പറഞ്ഞു.
അതേസമയം, അടുത്തിടെ ഒടിടിയിൽ കൂടി ആടു ജിവിതം റിലീസ് ചെയ്തതോടെ നിരവധി ഒമാനികളും അറബ് പ്രേക്ഷകരുമാണ് താലിബ് അൽ ബലൂഷിയുടയുടെ പ്രകടനത്തെയും സിനിമയെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ചിത്രത്തെ ചിത്രമായി കാണണമെന്നും മികച്ച രൂപത്തിൽ ചിത്രം ഒരുക്കിയതായും അഭിപ്രായപ്പെട്ട് നിരവധി അറബ് സിനിമാ പ്രേമികൾ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശം പങ്കുവച്ചിരുന്നു.
മലയാളി പ്രവാസി അനുഭവിച്ച സമാനതകളില്ലാത്ത തീരാദുരിതത്തിന്റെ കഥ പറഞ്ഞ ബെന്യാമിന്റെ ആടു ജീവിതം സിനിമയിൽ,നജീബിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ അർബാബായി വില്ലൻ വേഷത്തിലാണ് ത്വാലിബ് എത്തിയത്. ത്വാലിബിന്റെ രണ്ടാം മലയാള ചിത്രമായിരുന്നു ആടുജീവിതം.
ഇത്തരമൊരു വമ്പൻ രാജ്യാന്തര സിനിമയിൽ അഭിനയിച്ച ആദ്യ ഒമാനി കൂടിയാണ്. അഭിനയത്തിന് പുറമെ സംവിധാനവും തിരക്കഥയും ത്വാലിബിന് വഴങ്ങും. ഏറെ കാലമായി സിനിമ സീരിയൽ രംഗത്ത് സജീവമാണ് ത്വാലിബ്. ഒമാനിലെത്തിയ
ബ്ലെസ്സിയാണ് ത്വാലിബിനെ സിനിമയിലേക്ക് ക്ഷണിച്ചത്.
ബ്ലെസ്സിയുടെ കേരളത്തിലെ വീട്ടിൽ നിരവധി തവണ പോയ ത്വാലിബ്, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണിപ്പോൾ.
സിനിമാ റിലീസിന്റെ ആദ്യ ഘട്ടത്തിൽ ഒമാനിൽ പ്രദർശന അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ, ഡോ. താലിബ് അൽ ബലൂഷിയുടെ ഉൾപ്പെടെ ഇടപെട്ടതിന്റെ ഫലമായി സിനിമ ഒമാനിലും പ്രദർശിപ്പിക്കുകയും മലയാളികളും സ്വദേശികളും ഉൾപ്പെടെ ചിത്രത്തെ ആവേശപൂർവ്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സിനിമാ പ്രമോഷന്റെ ഭാഗമായി ഒമാനിലെത്തിയ ബ്ലെസി ആടു ജീവിതം ഒമാനിൽ ചിത്രീകരിക്കാൻ നടത്തിയ ശ്രമങ്ങളും അത് നടക്കാതെവന്നതിന് പിന്നിലെ കാരണങ്ങളും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.