ഒരോ പൗരനും മാതൃകയാക്കാവുന്നത്. ഡെലിവറി ബോയ് നന്‍മയുടെ പ്രതീകം. അഭിനന്ദന പ്രവാഹം
ദുബായ് : ഭക്ഷണം ഡെലിവറി ചെയ്യുന്നതിന്നിടെ റോഡില്‍ വീണുകിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റി അപകടം ഒഴിവാക്കിയ യുവാവിന് ദുബായ് രാജകുമാരന്റെ ആദരം.
ഭക്ഷണം ഡെലിവറി ചെയ്യുന്ന തലാബാതിന്റെ ജീവനക്കാരനാണ് ദുബായിയിലെ റോഡില്‍ വീണു കിടന്നിരുന്ന വലിയ കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റിയത്. വാഹനങ്ങള്‍, പ്രത്യേകിച്ച് ഇരു ചക്ര വാഹനങ്ങള്‍ കയറിയാല്‍ നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുന്ന തരത്തിലാണ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ റോഡില്‍ കിടന്നിരുന്നത്.
ഇത് കണ്ട് വാഹനം ഒതുക്കിയ പാക് പൗരനായ ഡെലിവറി ബോയ് കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റി. പിന്നാലെ വാഹനത്തില്‍ വന്ന ആരോ ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
സിവിക് സെന്‍സിന്റെ ഉദാഹരണമായി ഈ വീഡിയോ പൊടുന്നനെ മാറി. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്തു. വീഡിയോ കണ്ട ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാനും ഈ വീഡിയോ പങ്കുവെച്ചു.
ഈ ദൃശ്യങ്ങളില്‍ ഉള്ളത് ആരാണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന മുഖവുരയുമായാണ് രാജകുമാരന്‍ വീഡിയോ പങ്കുവെച്ചത്.
താമസിയാതെ ദൃശ്യങ്ങളിലുള്ളത് തലാബാതിന്റെ ഡെലിവറി ജീവനക്കാരനായ അബ്ദുള്‍ ഗഫൂറാണെന്ന് കണ്ടെത്തി. തലാബാത് കമ്പനി അദ്ദേഹത്തിന് സ്വദേശത്തേക്ക് പോയി മടങ്ങി വരാനുള്ള സൗജന്യ ടിക്കറ്റാണ് സമ്മാനമായി നല്‍കിയത്.
വീഡിയോ പങ്കുവെച്ച സമയത്ത് യുകെയിലായിരുന്ന രാജകുമാരന്‍ ദുബായിയില്‍ മടങ്ങി വന്ന ഉടനെ അബ്ദുല്‍ ഗഫൂറിനെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. അദ്ദേഹത്തിനൊപ്പം തൊളില്‍ കൈയ്യിട്ട് നില്‍ക്കുന്ന ചിത്രവും രാജകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
തനിക്ക് ഇത് സ്വപ്‌ന സാഫല്യമാണെന്ന് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സുന്ദരമായ നിമിഷമാണ് ഇതെന്നും ഗഫൂര്‍ പറഞ്ഞു.
എല്ലാവരും പിന്തുടരേണ്ട നല്ല ഉദാഹരണമെന്ന അടിക്കുറിപ്പോടെയാണ് അബ്ദുല്‍ ഗഫൂറിന്റെ വീഡിയോ ഷെയ്ഖ് ഹംദാന്‍ പങ്കുവെച്ചത്. നാട്ടിലെത്തി ഭാര്യയേയും കുട്ടിയേയും കാണാനുള്ള പുറപ്പാടിലാണ് ഇനി അബ്ദുല്‍ ഗഫൂര്‍.
സമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ ചര്‍ച്ചയായി ഈ വീഡിയോ. തനിക്ക് മാത്രമല്ല, മറ്റുള്ള റോഡ് യാത്രികര്‍ക്കും അപകടകരമാകാവുന്ന കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റിയ നടപടിയെ നിരവധി പേരാണ് അഭിനന്ദിച്ചത്. അബ്ദുല്‍ ഗഫൂറെന്ന ഡെലിവറി ബോയ്ക്ക് ദുബായ് കീരീടാവകാശിയുടെ അഭിനന്ദനം ജീവതത്തിലെ സുന്ദര നിമിഷങ്ങളിലൊന്നായി മാറുകയും ചെയ്തു.