
കൊല്ലം: പാർട്ടി നേതൃത്വത്തിലേക്ക് പുതിയ തലമുറയെ ഉൾപ്പെടുത്തി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. 75 വയസ്സുകഴിഞ്ഞ നേതാക്കളുടെ അനുഭവസമ്പത്തും സേവനങ്ങളും പാർട്ടിയിൽ ഉപയോഗപ്പെടുത്തും.ആധുനിക ലോകനിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാൻ ആവശ്യമായ സാമ്പത്തിക രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളെ സംബന്ധിച്ച പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള ശ്രമമാണ് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ ഭാവി വികസനത്തിന് വലിയ സംഭാവനകളാണ് സമ്മേളനം നൽകുന്നത്. കേരളത്തെ ആധുനിക നിലവാരത്തിൽ എത്തിക്കണം. അതിനാവശ്യമായവ ജനങ്ങളുടെമുൻപിൽ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ വകയായി നൽകും. കഴിഞ്ഞകാല അനുഭവങ്ങൾ വിലയിരുത്തിയാണ് നവകേരളരേഖ സമർപ്പിക്കുന്നതെന്നും എസ്.ആർ.പി. പറഞ്ഞു.
മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് ഇറങ്ങണമെന്ന് സി.പി.എം
നവകേരളം എന്ന ലക്ഷ്യത്തിനായി കേരളത്തെ സമ്പൂർണമായി മാലിന്യമുക്തമാക്കാൻ പാർട്ടി അംഗങ്ങളും പ്രവർത്തകരും അണിനിരക്കണമെന്ന് സി.പി.എം. സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 30-ന് സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ജനകീയ സഹകരണത്തിൽ നടക്കുന്ന ശുചീകരണം വിജയിപ്പിക്കും. മാലിന്യസംസ്കരണകേന്ദ്രങ്ങൾക്കു നേരേ നടക്കുന്ന ആക്രമണളെ ഗൗരവത്തോടെ കാണണമെന്നും സംസ്കരണകേന്ദ്രങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും പ്രമേയത്തിൽ പറയുന്നു. മാലിന്യരഹിത കേരളം സുസ്ഥിരവികസനത്തിന് അനിവാര്യ ഘടകമാണെന്നതിനാൽ പാർട്ടിയുടെ മുഴുവൻ കഴിവും ശേഷിയും മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്നും അഭ്യർഥിച്ചു.












