ജിദ്ദ: ഇന്ത്യന്‍ കോണ്‌സുലേറ്റിന് കീഴിലുള്ള അബ്ഹ, യാംബു, തബുക്ക് എന്നിവിടങ്ങളിലെ വി.എഫ്.എസ് കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിനുള്ള മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റ് രീതി ഒഴിവാക്കിയതായി കോണ്‍സുലേറ്റ് അറിയിച്ചു. ഇനി മുതല്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി അപേക്ഷകര്‍ക്ക് മേല്‍പ്പറഞ്ഞ വി.എഫ്.എസ് കേന്ദ്രങ്ങളെ നേരിട്ട് സമീപിക്കാം.
എന്നാല്‍ ജിദ്ദയിലെ ഹായില്‍ സ്ട്രീറ്റിലുള്ള വി.എഫ്.എസ് കേന്ദ്രത്തില്‍ നിലവിലുള്ള മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് അടിസ്ഥാനത്തില്‍ തന്നെയായിരിക്കും സേവനങ്ങള്‍. ഇവിടെ രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് സേവനങ്ങള്‍ നല്‍കുന്നത്.അടിയന്തരാവസ്ഥയുള്ള അവസരങ്ങളില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുക്കാതെ തന്നെ ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെ ഈ കേന്ദ്രത്തില്‍ സമര്‍പ്പിക്കാം്. ജിദ്ദയില്‍ മുഹമ്മദിയ ഡിസ്ട്രിക്ടിലെ വി.എഫ്.എസ് ബ്രാഞ്ച് ഒക്ടോബര്‍ 15 വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായും കോണ്‍സുലേറ്റ് അറിയിച്ചു.
സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിനുമുള്ള നടപടികള്‍ കോണ്‍സുലേറ്റ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാനത്തിന്റെ ഭാഗമായി വി.എഫ്.എസ് കേന്ദ്രങ്ങളില്‍ പ്രതീക്ഷിക്കാത്ത തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വീണ്ടും പഴയതു പോലെ മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുക്കുന്ന രീതിയിലേക്ക് മാറ്റുമെന്നും കോണ്‍സുലേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.



















