English हिंदी

Blog

സുധീര്‍നാഥ്

പറയാന്‍ പോകുന്നത് തൃക്കാക്കരയില്‍ നടന്ന സംഭവ കഥയല്ല. ഡല്‍ഹിയില്‍ നടന്ന സംഭവമാണ്. സഖാവ് ഇ കെ നായനാര്‍ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അന്തരിച്ചത് 2004 മെയ് 19ന് ആയിരുന്നു. സഖാവിന്‍റെ ഭൗതിക ശരീരം സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹിയിലെ ഗോള്‍ മാര്‍ക്കറ്റിന് സമീപമുള്ള ഏകെജി ഭവനിലേയ്ക്കാണ് ആദ്യം കൊണ്ടു വരിക എന്ന വാര്‍ത്ത വന്നു. ഡല്‍ഹിയിലെ പത്രങ്ങളുടെ ആസ്ഥാനമായ റാഫി മാര്‍ഗ്ഗിലെ ഐഎന്‍എസ് കെട്ടിടത്തിലെ ഒരു പ്രമുഖ മലയാള പത്രത്തിന്‍റെ ബ്യൂറോ ചീഫ് അവരുടെ ഫോട്ടോഗ്രാഫറോട് ഏകെജി ഭവനില്‍ സഖാവിന്‍റെ ഭൗതീക ശരീരം കൊണ്ടു വരുന്നതിന്‍റേയും മറ്റും ഫോട്ടോ എടുക്കാന്‍ പറഞ്ഞു വിട്ടു. ഒപ്പം വാര്‍ത്ത തയ്യാറാക്കാന്‍ ജൂനിയര്‍ റിപ്പേര്‍ട്ടറേയും ചുമതലപ്പെടുത്തി. ഇരുവരും ഇരുചക്രവാഹനത്തില്‍ എകെജി ഭവന്‍റെ മുന്നിലേയ്ക്ക് പാഞ്ഞു.
ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല…
സഖാവ് നായനാര്‍ മരിച്ചിട്ടില്ല…
ജീവിക്കുന്നു ഞങ്ങളിലൂടെ…

ഇടിമുഴക്കം പോലെ മുദ്രാവാക്ക്യം വിളി…, നല്ല തിരക്കുമുണ്ട്. ഇരുവരും കുറേ നേരം അവിടെ നിന്ന ശേഷം തിരിച്ച് പത്ര ഓഫീസിലേയ്ക്ക് എത്തി. ബ്യൂറോ ചീഫിന്‍റെ മുന്നിലെത്തിയ അവര്‍ പ്രഖ്യാപിച്ചു.
ഫാള്‍സ് ന്യൂസ് ആണ് സര്‍… നമുക്ക് കിട്ടിയത് ഫാള്‍സ് ന്യൂസാണ്…
എന്ന് ആര് പറഞ്ഞു…?
സഖാവ് നായനാര്‍ മരിച്ചിട്ടില്ലെന്ന് പാര്‍ട്ടി ഓഫീസിന്‍റെ മുന്നില്‍ നിന്ന് ആളുകള്‍ വിളിച്ച് പറയുന്നുണ്ട് സര്‍…
ശരിയാണ് സര്‍… ഞാനും കേട്ടതാ… പിന്തുണയുമായി ജൂനിയര്‍ റിപ്പോര്‍ട്ടര്‍…!!!

ഇത് ഓര്‍ത്തത് ത്യക്കാക്കരയെ പ്രകമ്പനം കൊള്ളിച്ച പ്രകടനം കുട്ടിക്കാലത്ത് കണ്ടതും, പങ്കാളിയായതും ഓര്‍ത്തതിനാലാണ്. മിക്കവാറും ആഴ്ച്ചയില്‍ ഒരു പ്രകടനം ഉറപ്പായിരുന്നു. നിശ്ചിത റൂട്ടും പ്രകടനത്തിന് ഉണ്ടാകും. കൂടുതലും ഇടതുപക്ഷത്തിന്‍റെ പ്രകടനങ്ങളാണ് ഉണ്ടായിട്ടുള്ളത്. വലതുപക്ഷത്ത് പ്രകടനങ്ങള്‍ ഇല്ലെന്നുതന്നെ പറയണം. പ്രകടനം അഥവാ ജാഥ നടത്തുവാന്‍ ആളില്ലായിരുന്നു. കുട്ടികള്‍ കൂടുതലും ഇടത് പക്ഷപ്രകടനത്തിന്‍റെ പിന്നാലെ പോകും. കാരണം നല്ല ഈണവും താളവും ഇടത് ജാഥകള്‍ക്ക് ഉണ്ടായിരുന്നു. വിളിക്കുന്ന മുദ്രാവാക്യത്തിന്‍റെ അര്‍ത്ഥം കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നില്ല.

ജാഥകളെ പല തരത്തില്‍ വിഭജിക്കാം. മൗന ജാഥ, പന്തം കൊളുത്തി ജാഥ, പ്രതിഷേധ ജാഥ, വിജയാഹ്ളാദ ജാഥ, വിളംമ്പര ജാഥ എന്നിങ്ങനെ. മൗന ജാഥ മിക്കവാറും ആരുടെ എങ്കിലും മരണവുമായി ബന്ധപ്പെട്ടാകും. ജാഥയിലുള്ളവര്‍ കറുത്ത തുണിക്കഷണം കുത്തിയിട്ടുണ്ടാകും. മുദ്രാവാക്യങ്ങളുണ്ടാകില്ല. രാത്രികാലങ്ങളിലാണ് പന്തം കൊളുത്തി പ്രകടനം നടക്കുക. സൈക്കിള്‍ ടയര്‍ കത്തിച്ചും, വടിയില്‍ തുണി ചുറ്റി എണ്ണയില്‍ മുക്കിയും, പപ്പായ തണ്ടില്‍ മണ്ണണ്ണ നിറച്ച് തുണി ചുറ്റിയും പന്തം ഉണ്ടാക്കും. ഇരുട്ടിനെ വകഞ്ഞുമാറ്റി പന്തത്തിന്‍റെ വെളിച്ചത്തിലുള്ള ജാഥ രസകരം തന്നെ. പ്രതിഷേധ ജാഥയ്ക്ക് അല്‍പ്പം രൂക്ഷത കൂടും. അതുകൊണ്ട് ഉശിരന്‍ മുദ്രാവാക്യങ്ങള്‍ അകമ്പടി കാണും. വിജയാഹ്ളാദ ജാഥ തുള്ളിച്ചാടിയുമാണ്. തൊട്ടെതിര്‍ വശത്തുള്ള പാര്‍ട്ടിയുടെ പ്രമുഖ പ്രവര്‍ത്തകരുടെ വീടിന്‍റെ പടിക്കല്‍ പടക്കം പൊട്ടിക്കുന്നതും പതിവായിരുന്നു. അവിടെ കേട്ടിരുന്ന മുദ്രാവാക്യങ്ങള്‍ വളരെ രസകരവുമാണ്.
എണ്ണാമെങ്കില്‍ എണ്ണിക്കോ,
പിന്നെ കള്ളം പറയരുത്,
പെട്ടി പെട്ടി, ബാലറ്റ് പെട്ടി,
പെട്ടി പൊട്ടിച്ചപ്പോ *** പൊട്ടി…

Also read:  കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം; ഫ്ളാറ്റില്‍ നിന്ന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തി

വിളംമ്പര ജാഥയില്‍ ജനങ്ങളിലേയ്ക്ക് ഒരു സന്ദേശം എത്തിക്കുക എന്ന ലക്ഷ്യമാണ്.
അയ്യോ നാട്ടാരെ നിങ്ങളറിഞ്ഞോ…
എന്ന് തുടങ്ങുന്നതാണ് മുദ്രാവാക്യം. പിന്നീട് അറിയിക്കേണ്ട വിവരം താളത്തില്‍ പറയും.

വിമോചന സമരത്തിന്‍റെ കാലത്താണ് ത്യക്കാക്കരയില്‍ വലതുപക്ഷ അനുഭാവത്തില്‍ ഒരു പ്രകടനം കടന്നുപോയത്.
തെക്ക് തെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത്
ഫ്ളോറി എന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരെ
അങ്കമാലി കല്ലറയില്‍
ഞങ്ങടെ സോദരിയാണെങ്കില്‍
പകരം ഞങ്ങള്‍ ചോദിക്കും…

കോണ്‍ഗ്രസിന്‍റെ പൊതുയോഗമോ റാലിയോ ഉണ്ടെങ്കില്‍ ലോറിയില്‍ മൂന്ന് വശത്തും മുളകള്‍ കെട്ടി പോകുമ്പോഴാണ് മുദ്രാവാക്യം വിളി കമ്മ്യൂണിസ്റ്റ് വിരുദ്ധമായി കേള്‍ക്കുന്നത്. ജി രവീന്ദനാഥ്, പ്രസന്നന്‍, പീതാംബരന്‍, കുമാര്‍, ബക്കര്‍, പുരുഷന്‍, കുഞ്ഞന്‍മരയ്ക്കാര്‍… തുടങ്ങിയവരാണ് പ്രദേശത്തെ കോണ്‍ഗ്രസിനെ നയിച്ചിരുന്നത്. അങ്ങിനെ പ്രശസ്തമായ ഒട്ടേറെ കോണ്‍ഗ്രസ് മുദ്രാവാക്യങ്ങളുണ്ട്.

നാട് ഭരിക്കാന്‍ കൊള്ളയടിക്കാന്‍
ഇ കെ നായനാര്‍ക്ക് അധികാരം
ഉപ്പില്ലെങ്കില്‍ മുളകില്ലെങ്കില്‍
കേന്ദ്രത്തിന് അപരാധം
സ്വാതന്ത്ര്യത്തിന്‍ തീപ്പന്തം
കൈയിലുയര്‍ത്തിയ ജനതയ്ക്ക്
ചെമ്പടകാട്ടും വാരിക്കുന്തം
ചുവപ്പന്‍മാരെ പുല്ലാണേ…

1985 ഏപ്രില്‍ 23നാണ് ശരിയത്ത് കേസില്‍ ഷബാനു ബീഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ ഇഎംഎസ് സ്വാഗതം ചെയ്തു. അന്ന് ത്യക്കാക്കരയില്‍ മുസ്ലീം ലീഗിന്‍റെ നേത്യത്ത്വത്തില്‍ ജാഥ നടന്നു. അന്ന് ജാഥയില്‍ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ചവര്‍ ഇന്നും ത്യക്കാക്കരയിലൂടെ യാത്ര ചെയ്യുന്നു.
രണ്ടും കെട്ടും നാലും കെട്ടും
ഇഎംഎസിന്‍റെ ഓളേം കെട്ടും…
ശരിയത്താണേ കട്ടായം…

ചില അവസരങ്ങളില്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇന്ദിരാ ഗാന്ധി ഭക്തി കൂടും. അപ്പോള്‍ കോണ്‍ഗ്രസ് അണികള്‍ ത്യക്കാക്കരയില്‍ വിളിച്ച മുദ്രാവാക്യമാണ് രസകരം…
ഹമ്പിള്‍ സിമ്പിള്‍ ഇന്ദിരാഗാന്ധി
ഏബിള്‍ നോബിള്‍ ഇന്ദിരാഗാന്ധി
ഏണസ്റ്റ് ഓണസ്റ്റ് ഇന്ദിരാഗാന്ധി
ലീഡേഴ്സ് ലീഡര്‍ ഇന്ദിരാഗാന്ധി

Also read:  നടി തുനിഷ ശര്‍മ സീരിയല്‍ സെറ്റില്‍ ജീവനൊടുക്കി

ഇടത് പക്ഷ ജാഥകള്‍ക്കും, മുദ്രാവാക്യങ്ങള്‍ക്കും പ്രത്യേകത ഉണ്ടായിരുന്നു. ആവേശം കൊള്ളിക്കുന്ന രീതിയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ജാഥ നയിച്ചിരുന്ന ഗോപി, ബാലന്‍ നായര്‍ (ബാലേട്ടന്‍), ചാക്കോച്ചന്‍, സുകുമാരന്‍(സുകു), വേണുഗോപാല്‍(വേണു), രാമചന്ദ്രന്‍(രാമു), ചിത്രാംഗദന്‍(ചിത്രു), മാത്തുക്കുട്ടി, വിശ്വംബരന്‍, തോമസ് പുന്നന്‍(ടോമി), ചേലപ്പുറത്ത് രാധാക്യഷ്ണനും, മുരളിയും, പങ്കു, വിജയന്‍, കുമാര്‍, വിശ്വനാഥന്‍… തുടങ്ങിയവരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് കൂടിയായ ഗോപി ജാഥ നയിക്കുകയും, മുദ്രാവാക്ക്യം വിളിക്കുകയും ചെയ്യുമായിരുന്നു. ജാഥ നയിക്കുന്ന ഗോപിയുടെ മുദ്രാവാക്യം വിളിയിലും നയിക്കുന്നതിലും പ്രത്യേകതകള്‍ ഏറെ ഉണ്ടായിരുന്നു. മെയ് വഴക്കത്തോടെ വളഞ്ഞ് അദ്ദേഹം വിളിക്കുന്ന ഏത് മുദ്രാവാക്യം തുടങ്ങുന്നത് ഇങ്ങനെ ആയിരുന്നു.
അമ്മമാരേ പെങ്ങന്മാരേ…

ഗോപി കഴിഞ്ഞാല്‍ മുദ്രാവാക്ക്യം വിളിക്കുന്നത് മിക്കവാറും ചാക്കോച്ചനായിരുന്നു. ചാക്കോച്ചന്‍ എസ് എന്ന ഇംഗ്ലീഷ് അക്ഷരത്തിന്‍റെ രൂപത്തില്‍ പ്രകടനത്തിന്‍റെ മുന്നില്‍ മുഖാമുഖം നിന്ന് മുഷ്ടി ചുരുട്ടി തലയ്ക്ക് മുകളിലൂടെ കഴുത്തിന്‍റെ പിന്നില്‍ വിരല്‍കൊണ്ട് തൊട്ട് മുദ്രാവക്യം വിളിക്കുന്ന ദ്യശ്യം എങ്ങിനെ മറക്കും. ശേഷിച്ചവര്‍ ഏറ്റ് വിളിക്കും. കരിമക്കാട് നിന്ന് മറ്റൊരു സംഘമുണ്ട്. അബ്ദുള്‍ഖാദര്‍, ആയിരുന്നു മുദ്രാവാക്യത്തിന്‍റെ തലപ്പത്ത്. പിന്നീട് കുഞ്ഞുമോനാണ് അവിടുത്തെ മുദ്രാവാക്യം വിളിക്കാരനായത്. ബോസേട്ടന്‍, നാസര്‍, സുകുമാരന്‍, പ്രഭാകരന്‍, ഹമീദ്, ബാവ, വാസുദേവന്‍, പൊന്നപ്പന്‍, തുടങ്ങിയ സ്ഥിരാംഗങ്ങള്‍ അവിടേയുമുണ്ട്. അവിടെ റൂട്ടും സ്ഥിരമാണ്. ചിലപ്പോള്‍ സംയുക്ത പ്രകടനവും ഉണ്ടാകും. രസകരമായ ഒട്ടേറെ മുദ്രാവാക്യങ്ങള്‍ ത്യക്കാക്കരയില്‍ മുഴങ്ങിയത് ഓര്‍ത്തു പോകുന്നു. ഷിബു, അനി, പ്രകാശന്‍, വിനോദ്, ആബിദ് തുടങ്ങിയ യുവ നിര മുദ്രാവാക്യം വിളിക്കാരുണ്ട്. വാസുദേവന്‍ ദേശാഭിമാനിക്കും, അബാസ് വീക്ഷണത്തിലും ത്യക്കാക്കരയുമായി ബന്ധപ്പെട്ട് എഴുതുന്നു എന്നതും എടുത്ത് പറയണം.

ഉമ്മച്ചനാണ് ഓര്‍മ്മയില്‍ ഓടി എത്തുന്ന മറ്റൊരു മുദ്രാവാക്യം വിളിക്കാരന്‍. പ്രാദേശിക ജാഥയില്‍ വിളിച്ചതിനേക്കാള്‍ കൂടുതല്‍ ഭാരത് മാതാ കോളേജിലാണ് ഉമ്മച്ചന്‍റെ മുദ്രാവാക്യം വിളി ഉയര്‍ന്നിട്ടുള്ളത്. കേരളത്തിലെ ക്യാമ്പസുകളില്‍ കേട്ടിട്ടുള്ള കുറേ ശ്രദ്ധേയ മുദ്രാവാക്യങ്ങളില്‍ ചിലത് പരാമര്‍ശിക്കാതെ പോകുവാന്‍ പറ്റില്ല.
ഇടിനാദം മുഴങ്ങട്ടെ
കടല്‍ രണ്ടായ് പിളരട്ടെ…

അമ്മേ ഞങ്ങള്‍ പോകുന്നു
പിന്നില്‍ നിന്ന് വിളിക്കരുതേ…
അയ്യോ എന്ന് കരയരുതേ…

ആരാ മോനേ ചെടിയുടെ മറവില്‍…?
ഞാനാണമ്മേ ***
എന്താ മോനേ ചെടിയുടെ മറവില്‍….?
പെട്ടിപൊട്ടിച്ചപ്പം തോറ്റമ്മേ…

**** മുറ്റത്തൊരു ആല്‍മരമുണ്ടേ….
ആമരം വെട്ടിയൊരു തോണിയുണ്ടാക്കി,
**** മോനെ തുഞ്ചത്തിരുത്തും,
**** ക്കരെ തുഴക്കാരുമാക്കും….

യുവാക്കളുടെ ജാഥയിലെ മുദ്രാവാക്യങ്ങളാണ് ഇതൊക്കെ…. അടിയന്തിരവസ്ഥ കാലത്ത് ഈച്ചരവാര്യരുടെ മകന്‍ രാജനെ, അഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്‍റെ നിര്‍ദ്ദേശപ്രകരം കൊന്നു എന്നും, കത്തിച്ച് ചാരമാക്കി എന്നും ആക്ഷേപം ഉണ്ടായിരുന്നു. അക്കാലത്ത് കേരളമാകെ, വിശേഷിച്ച് ക്യാമ്പസുകളില്‍ ഉയര്‍ന്ന മുദ്രാവാക്യം ത്യക്കാക്കരയിലും ഉയര്‍ന്നിരുന്നു.
ഈശ്വരഭക്താ കരുണാകരാ
ഈച്ചര വാര്യരുടെ മകനെവിടെ…?

Also read:  തദ്ദേശ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശമില്ല; 5 ജില്ലകളില്‍ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പാറിക്കും പാറിക്കും
ചെങ്കോട്ടയിലും പാറിക്കും,
ആരിത് പറയുവതറിയാമോ…?
ചോരച്ചാലുകള്‍ നീന്തിക്കയറിയ….
എല്ലാവരും മുദ്രാവാക്യം ഏറ്റ് വിളിച്ചു. ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കുന്ന കാഴ്ച്ച… ചോരച്ചാലുകള്‍ നീന്തുന്ന കാഴ്ച്ച… ഏറ്റുവിളിച്ചവര്‍ക്ക് ആവേശമായി.

പ്രധാനമന്ത്രി കേള്‍ക്കാന്‍ ത്യക്കാക്കരയിലെ ഇടവഴിയില്‍ ഒരിക്കല്‍ കേട്ട മുദ്രാവാക്യം ഇംഗ്ലീഷിലായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി രാജിവെക്കണം എന്നതാണ് ആവശ്യം. ഡല്‍ഹിയിലുള്ള മൂപ്പരെ കേള്‍പ്പിക്കുകയാണ് ലക്ഷ്യം.
ഹലോ മിസ്റ്റര്‍ രാജീവ് ഗാന്ധി
ഈഫ് യു ആര്‍ എ ജെന്‍റില്‍ മാന്‍…

കേരളത്തില്‍ ഒരു പാര്‍ലമെന്‍റ് തിരഞ്ഞെടുത്തില്‍ ഇരുപതില്‍ പത്തൊന്‍പത് സീറ്റും തോറ്റപ്പോഴും ത്യക്കാക്കരയില്‍ ഇടതുപക്ഷത്തിന്‍റെ പ്രകടനം നടന്നു. അന്ന് ഡെന്നീസായിരുന്നു മുദ്രാവാക്യം വിളിച്ചത്. എറണാകുളം ജില്ലയില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സാധാരണ ഇടത് പക്ഷം ജയിക്കാറില്ല. നിയമസഭാ തിരഞ്ഞെടുത്തില്‍ ത്യപ്പൂണിത്തുറയില്‍ കെ ബാബുവും, തൊട്ടടുത്ത ആലുവയില്‍ കെ മുഹമദാലിയും സ്ഥിരമായി ജയിക്കുന്ന സാഹചര്യത്തിലും ത്യക്കാക്കരയില്‍ പ്രകടനം നടക്കും. അന്ന് വിളിക്കുന്ന മുദ്രാവാക്യം എങ്ങനെ മറക്കും…
തോറ്റിട്ടില്ല, തോറ്റിട്ടില്ല,
തോറ്റ ചരിത്രം കേട്ടിട്ടില്ല…

മുദ്രാവാക്യം വിളി പോലെ തന്നെയായിരുന്നു മൈക്ക് കെട്ടി അനൗണ്‍സ് ചെയ്യുന്നതും. യൂസഫ് എന്ന ഓട്ടോ ഡൈവര്‍ ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു. കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവി. സ്വന്തമായി ഓട്ടോയുള്ള മൂപ്പരുടെ വണ്ടിയില്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കളമശ്ശേരി പഞ്ചായത്തില്‍ ഇടത്പക്ഷം വിജയിച്ചപ്പോള്‍ മൈക്ക് കെട്ടിയായിരുന്നു ആഹ്ളാദ പ്രകടനം. എട്ടിലേറെ പേര്‍ ഓട്ടോയില്‍ ഉണ്ടായിരുനെന്നാണ് കണക്ക്. മൈക്കിലൂടെ മുദ്രാവാക്യമല്ലായിരുന്നു വിളിച്ചത് എന്നത് പഴമക്കാര്‍ ഓര്‍ക്കുന്നു. തല്ലാന്‍ ഉണ്ടെങ്കില്‍ ഇറങ്ങി വാടാ എന്നും മറ്റും പറഞ്ഞ് പരസ്യമായ വെല്ലുവിളി…! പീതാംബരനായിരുന്നു മിക്കവാറും കോണ്‍ഗ്രസിന്‍റെ അനൗണ്‍സര്‍. ഇന്ദിരാ ഗാന്ധി മരിച്ചപ്പോള്‍ മൂപ്പര് കരഞ്ഞു കൊണ്ടാണ് വിവരം നാട്ടുകാരെ മൈക്കിലൂടെ അറിയിച്ചതെന്ന് സാക്ഷി മൊഴിയുണ്ട്.

ഇന്ന് ഇത്തരം ചെറു പ്രതിഷേധ പ്രകടനങ്ങള്‍ ഇല്ല. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധ വരികളും ചിത്രങ്ങളും പാറിപ്പറക്കുകയാണ് പതിവ്. പണ്ട് ടെലിവിഷനും മറ്റും ഇല്ലാത്തത് കൊണ്ട് മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ വീട്ടുപടിയിലെത്തും. മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവര്‍ വ്യക്തതയോടെ അവതരിപ്പിക്കും. അതൊരു ആവേശമായിരുന്നു.