കവര്‍ച്ച സംഘത്തിലുണ്ടായിരുന്ന രണ്ടു പേരുടെ രേഖാ ചിത്രമാണ് പുറത്തു വിട്ടത്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497996985, 9497990019 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പൊലിസ് നിര്‍ദേശം
തിരുവനന്തപുരം : പള്ളിപ്പുറത്ത് സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി മുളകുപൊടി എറിഞ്ഞു നൂറ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്. കവര്‍ച്ച സംഘത്തിലുണ്ടായിരുന്ന രണ്ടു പേരുടെ രേഖാ ചിത്രമാണ് പുറത്തു വിട്ടത്.
രണ്ട് ദിവസം മുന്‍പ് രാത്രിയില്‍ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപം സ്വര്‍ണ വ്യാപാരി സമ്പത്തിന്റെ കാര്‍ ആക്രമിച്ച് നൂറു പവനോളം കവര്‍ന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.കവര്‍ച്ചയ്ക്ക് പിന്നില്‍ മലയാളി സംഘമാണെന്ന് സ്വര്‍ണ വ്യാപാരി സമ്പത്ത് സ്ഥിരീകരിച്ചിരുന്നു. ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സ്വര്‍ണ ഇടപാടുകളെക്കുറിച്ച് അറിയാവുന്നവര്‍ നടത്തിയ കവര്‍ച്ചയാണെന്നും സമ്പത്ത് പറഞ്ഞു. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമ്പത്തിന്റെ മുന്‍ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കവര്‍ച്ച സംഘം തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് സംശയിക്കുന്നത്. റൂറല്‍ എസ്പി പി.കെ മധു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി. വാഹനം തടഞ്ഞ് നിര്‍ത്തി ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞായിരുന്നു സംഘം ആക്രമണം നടത്തിയത്. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497996985, 9497990019 നമ്പറില്‍ ബന്ധപ്പെടാന്‍ പൊലിസ് നിര്‍ദേശം നല്‍കി.











