റിയാദ്: പകർച്ചപ്പനി (ഇൻഫ്ലുവൻസ) വാക്സിൻ മരണങ്ങൾ 70 ശതമാനം കുറച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രായമായവർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയ ആരോഗ്യ ശേഷി കുറഞ്ഞ 30 ലക്ഷം ആളുകൾ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 70 ശതമാനം മരണ നിരക്ക് കുറയ്ക്കുന്നതിന് ഇത് കാരണമായി.
രാജ്യത്ത് നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന പകർച്ചപ്പനി കേസുകളുടെ എണ്ണം 84 ആണ്. സീസണിന്റെ തുടക്കം മുതൽ പകർച്ചപ്പനി മൂലമുണ്ടായ മൊത്തം മരണങ്ങൾ 31 കേസുകളിൽ എത്തിയതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഈ ശ്രദ്ധേയമായ കുറവ് സീസണൽ പകർച്ചപ്പനിയുടെ സങ്കീർണതകൾ കുറയ്ക്കുന്നതിൽ വാക്സിനേഷന്റെ നല്ല സ്വാധീനം ഉറപ്പിക്കുന്നു. സാമൂഹിക അവബോധത്തിന്റെ വർധനവും കാരണമായി. ഇത് വാക്സിനുള്ള ഉയർന്ന ഡിമാൻഡിൽ പ്രതിഫലിച്ചുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഈ ശ്രദ്ധേയമായ കുറവ് ഉണ്ടായിരുന്നിട്ടും വൈറസ് ബാധിച്ചതിന്റെ ഫലമായി ഗുരുതരമായ സങ്കീർണതകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചില ഗുരുതരമായ കേസുകൾ എത്തുന്നത് തുടരുന്നു. മാർച്ച് അവസാനം വരെ അത് തുടരും. അതിനാൽ സീസണൽ പകർച്ചപ്പനിയിൽ നിന്നുള്ള സങ്കീർണതകൾക്ക് സാധ്യതയുള്ളവർ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഏകദേശം 100 ശതമാനം ഗുരുതരമായ കേസുകളിൽ തീവ്രപരിചരണത്തിൽ പ്രവേശനം ആവശ്യമായി വരികയോ തീവ്രമായ ചികിത്സ സേവനം ലഭ്യമാക്കുകയോ ചെയ്തതായി മന്ത്രാലയം സൂചിപ്പിച്ചു. കുത്തിവെപ്പ് എടുക്കാത്ത ആളുകളാണ് ഇവർ.
ഇത് ഗുരുതരമായ സങ്കീർണതകൾ തടയുന്നതിനുള്ള പ്രധാന മാർഗമായി വാക്സിനേഷന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നു. ഇൻഫ്ലുവൻസ വാക്സിനിലേക്കുള്ള പ്രവേശനം പൗരന്മാർക്കും താമസക്കാർക്കും സുഗമമാക്കുന്നതിനുള്ള മന്ത്രാലയം അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. വാക്സിൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ‘സിഹ്വതി’ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യാനും സാധിക്കും. കുട്ടികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയ പ്രത്യേക പരിചരണം ആവശ്യമുള്ള ഗ്രൂപ്പുകൾക്കായി ‘സിനാർ’ ആപ്ലിക്കേഷനിലൂടെ മന്ത്രാലയം ഹോം വാക്സിനേഷൻ സേവനവും നൽകുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താനും വാക്സിൻ എടുക്കാനും ആരോഗ്യ മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു. കാലാനുസൃതമായ ഇൻഫ്ലുവൻസയുടെ സങ്കീർണതകൾ കുറയ്ക്കുന്നതിനും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നതിന് പ്രത്യേകിച്ച് അണുബാധക്ക് ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകൾക്ക് സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണ് വാക്സിനേഷൻ എന്നും അധികൃതർ പറഞ്ഞു.












