അബുദാബി : പക്ഷാഘാതം സംഭവിച്ച രോഗികളെ കൈകളുടെ ചലനശേഷി നേടുവാൻ സഹായിക്കുന്നതിനുള്ള ഒരു ഉപകരണം യുഎഇയിലെ ഒരു കൂട്ടം യൂണിവേഴ്സിറ്റി വിദ്യാർഥികൾ വികസിപ്പിച്ചെടുത്തു. ഏഴ് വിദ്യാർഥികൾ അടങ്ങുന്ന സംഘം ചൈനയിലെ ഷെൻഷെനിൽ നടന്ന ഹുവാവേ ടെക്4ഗുഡ് ഗ്ലോബൽ കോംപറ്റീഷൻ 2025 ൽ രണ്ടാം സ്ഥാനം നേടി, ലോകത്തെ മികച്ച 12 ഫൈനലിസ്റ്റ് ടീമുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.
പക്ഷാഘാത രോഗികളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ത്രീഡി സ്കാനിങ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവർ ഒരു ഉപകരണം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉപകരണത്തിന്റെ കാര്യക്ഷമതയും ഉപയോക്തൃ സൗഹൃദവും ഉറപ്പാക്കാൻ പ്രോട്ടോടൈപ്പ്, ത്രീഡി പ്രിന്റിങ്, ഇലക്ട്രോണിക് ഘടകങ്ങൾ പരീക്ഷിക്കൽ എന്നിവ പരിഷ്കരിക്കുകയും യുഎഇയിലെ ആരോഗ്യ മന്ത്രാലയവുമായും ആശുപത്രികളുമായും സഹകരിക്കുകയും ചെയ്യുന്നു.
വിജയികളായ ഏഴംഗ ടീമിന്റെ പ്രവർത്തനങ്ങൾക്ക് ദുബായ് സർവകലാശാലയിലെ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ഐടി ഡീൻ പ്രഫസർ ഡോ. വാത്തിക് മൻസൂറാണ് മേൽനോട്ടം വഹിച്ചത്. ആഗോള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ യുഎഇ സർവകലാശാല ടീമിനെ ദുബായ് സർവകലാശാല പ്രസിഡന്റ് ഡോ. ഈസ അൽ ബസ്തകി അഭിനന്ദിച്ചു. ടീമിനെ നയിച്ച ദുബായ് സർവകലാശാല വിദ്യാർഥി സുൽത്താൻ അൽ സമാജിന് പ്രത്യേക അംഗീകാരവും ലഭിച്ചു. വിവിധ ശാസ്ത്ര മേഖലകളിലെ എമിറാത്തി യുവാക്കളുടെ കഴിവും മികവും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.2024-ൽ ടെക്4ഗുഡ് റീജനൽ മത്സരത്തിൽ പങ്കെടുത്ത ടീം, താഷ്‌കന്റിൽ നടന്ന സെമിഫൈനലിൽ രണ്ടാം സ്ഥാനം നേടുകയും ആഗോള ഫൈനലിലേയ്ക്ക് യോഗ്യത നേടുകയുമായിരുന്നു.











