അബുദാബി : ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നല്കി പ്രവാസിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി. അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസറും തിരൂർ കന്മനം സ്വദേശിയുമായ സി.വി.ഷിഹാബുദ്ദീ(46)നാണ് ജോലിക്കിടെ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരിച്ചത്.
ബനിയാസ് മോർച്ചറിയിൽ നടന്ന മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത എം. എ. യൂസഫലി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുവരെ എല്ലാ കാര്യത്തിനും കൂട്ടുനിന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോ വൈറലാകുകയും ചെയ്തു. എംബാമിങ് സെന്റററിൽ ഭൗതിക ശരീരം എംബാം ചെയ്ത ശേഷം എം.എ.യൂസഫലി തന്നെയാണ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയത്.
ഈ ദൃശ്യങ്ങളുള്ള വിഡിയോയ്ക്ക് താഴെ ഒട്ടേറെ പേർ അഭിനന്ദിച്ച് കൊണ്ട് കമന്ററുകളിട്ടു. ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് യൂസഫലി എന്ന് ഒരാൾ കുറിച്ചപ്പോൾ, ഒരാൾ മരിച്ചു… അദ്ദേഹത്തിന്‍റെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ ശതകോടീശ്വരനും മരിച്ച വ്യക്തിയുടെ കമ്പനി ഉടമയുമാണ്. അതാണ് മനുഷ്യത്വം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
വർഷങ്ങളായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഷിഹാബുദ്ദീൻ വ്യാഴാഴ്ച ഹൈപ്പർ മാർക്കറ്റിൽ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
