മുംബൈ: ഓഹരി വിപണിക്ക് ഈയാഴ്‌ച കുതിപ്പോടെ തുടക്കം. ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന് നിഫ്‌റ്റി 11,000ന് മുകളില്‍ ക്ലോസ് ചെയ്‌തു. 126 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 11,027ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാര്‍ച്ച് അഞ്ചിനു ശേഷം ആദ്യമായാണ് നിഫ്‌റ്റി 11,000ന് മുകളിലെത്തുന്നത്.
സെന്‍സെക്‌സ് 399 പോയിന്റ് നേട്ടത്തോടെ 37,418 പോയിന്റില്‍ ക്ലോസ് ചെയ്‌തു. 37,478 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.
ഐടി ഓഹരികളാണ് ഓഹരി വിപണിയിലെ കുതിപ്പിന് വഴിവെച്ചത്. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ അഞ്ച് ഓഹരികളില്‍ മൂന്നും ഐടി വിഭാഗത്തില്‍ നിന്നുള്ളവയാണ്. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, വിപ്രോ എന്നീ ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ നേട്ടമാണ് രേഖപ്പെടുത്തിയത്. നിഫ്‌റ്റി ഐടി സൂചിക 2.60 ശതമാനമാണ് ഉയര്‍ന്നത്.
ബാങ്ക് ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മികച്ച പ്രവര്‍ത്തന ഫലത്തോടുള്ള പ്രതികരണമെന്ന നിലയില്‍ ഇന്ന് രാവിലെ അഞ്ച് ശതമാനത്തോളം എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില ഉയര്‍ന്നു.
ബ്രിട്ടാനിയ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ 5 ഓഹരികള്‍. ബ്രിട്ടാനിയ 5.12 ശതമാനമുയര്‍ന്നു. ബ്രിട്ടാനിയയും എച്ച്‌സിഎല്‍ ടെകും ഇന്ന് 52 ആഴ്‌ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.
നിഫ്‌റ്റിയിലെ 51 ഓഹരികളില്‍ 31ഉം ഇന്ന് നേട്ടത്തിലായിരുന്നു. അതേ സമയം ഫാര്‍മ ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. സണ്‍ ഫാര്‍മയും സിപ്ലയുമാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം നേരിട്ട ഓഹരികള്‍.