മുംബൈ: ഓഹരി വിപണി താഴ്‌ന്ന നിലവാരത്തില്‍ നിന്നും അവസാന മണിക്കൂറില്‍ ശക്തമായ കരകയറ്റം നടത്തി. സ്വകാര്യ ധനകാര്യ മേഖലയിലെ കമ്പനികളുടെ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് വിപണിക്ക് താങ്ങായത്.
14,925 പോയിന്റിലേക്ക് ഒരു ഘട്ടത്തില്‍ താഴ്‌ന്ന നിഫ്‌റ്റി 15,126 പോയിന്റ് വരെ ഉയരുകയും 15,098ല്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തു. 0.95 ശതമാനം ഉയര്‍ന്ന നിലയിലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്.
ഇന്ന് ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ പത്ത് നിഫ്‌റ്റി ഓഹരികളില്‍ ഏഴും ധനകാര്യ മേഖലയില്‍ നിന്നുള്ളവയാണ്. അതേ സമയം പൊതുമേഖലാ ഓഹരികളില്‍ ലാഭമെടുപ്പ് ശക്തമായി.
നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചിക 2.34 ശതമാനമാണ് ഉയര്‍ന്നത്. ബാങ്ക് നിഫ്‌റ്റി 600 പോയിന്റോളം നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഐടി സൂചികയും നേട്ടം കൈവരിച്ചു. അതേ സമയം നിഫ്‌റ്റി മെറ്റല്‍ സൂചിക 2.51 ശതമാനം ഇടിഞ്ഞു. റിയല്‍ എസ്റ്റേറ്റ്, ഫാര്‍മ, പൊതുമേഖലാ ബാങ്ക് ഓഹികളും വില്‍പ്പന സമ്മര്‍ദം നേരിട്ടു.
നിഫ്‌റ്റി മിഡ്‌കാപ് സൂചിക 0.5 ശതമാനവും സ്‌മോള്‍കാപ് സൂചിക 1 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി. എന്‍എസ്‌ഇയിലെ 541 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 990 ഓഹരികള്‍ നഷ്‌ടം നേരിട്ടു.