ഓഹരി വിപണി പോയ വാരവും ശക്തമായ ചാഞ്ചാട്ടത്തിലൂടെയാണ് കടന്നു പോയത്. ഈയാഴ്‌ച തുടക്കം ദുര്‍ബലമായിരുന്നു. ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പനയാണ് ഇതിന് കാരണമായത്. സെന്‍സെക്‌സിലും നിഫ്‌റ്റിയിലും ബാങ്കിംഗ്-ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയുടെ വെയിറ്റേജ് ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ ഈ മേഖലയിലെ ഓഹരികളുടെ വില്‍പ്പന സൂചികയെ തളര്‍ത്തി.
നിഫ്‌റ്റി ഒരു നിശ്ചിത റേഞ്ചിനുള്ളില്‍ വ്യാപാരം ചെയ്യുന്നതാണ് കഴിഞ്ഞയാഴ്‌ച കണ്ടത്. 10,500നും 10,900നും ഇടയിലാണ് നിഫ്‌റ്റി നീങ്ങിയത്. വെള്ളിയാഴ്‌ച 10,800 എന്ന സമ്മര്‍ദ നിലവാരത്തെ ഭേദിച്ച് 10,900ന് മുകളില്‍ നിഫ്‌റ്റി ക്ലോസ് ചെയ്‌തു.
വിപണിയ്‌ക്ക് പ്രധാന താങ്ങ് നല്‍കിയത് ഐടി ഓഹരികളാണ്. വിപ്രോയുടെയും ഇന്‍ഫോസിസിന്റെയും ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായിരുന്നു. ഇത് പൊതുവെ ഐടി ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കുന്നതിന് വഴിവെച്ചു.
പോയ വാരത്തിലെ ആദ്യ ദിനങ്ങളില്‍ റിലയന്‍സ് ഇന്റസ്‌ട്രീസായിരുന്നു വിപണിക്ക് പ്രധാന താങ്ങായത്. വ്യാഴാഴ്‌ച നടന്ന റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായി ഓഹരി വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങി. എന്നാല്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം കഴിഞ്ഞതോടെ ഓഹരിയില്‍ ശക്തമായ ലാഭമെടുപ്പ് ദൃശ്യമായി. അതേ സമയം ഐടി ഓഹരികള്‍ ശക്തമായി ഉയര്‍ന്നതിനാല്‍ റിലയന്‍സിലെ ഇടിവ് സൂചികയെ കാര്യമായി ബാധിച്ചില്ല. വെള്ളിയാഴ്‌ച റിലയന്‍സ് വീണ്ടും തിരിച്ചു കയറുകയും ചെയ്തു.
അടുത്തയാഴ്‌ചയും 10,500നും 11,300നും ഇടയില്‍ നിഫ്‌റ്റി വ്യാപാരം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10,880 ആണ് ഒരു സമ്മര്‍ദ നിലവാരം. ഇപ്പോള്‍ ഇത് മുകളിലാണ് വിപണി നില്‍ക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് വിപണിയെ സംബന്ധിച്ചിടത്തോളം പ്രതികൂല ഘടകമാണ്. അതേ സമയം കൊറോണയ്‌ക്ക് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം വിവിധ രാജ്യങ്ങളില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. വാക്‌സിന്റെ ട്രയല്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അത് ഓഹരി വിപണിക്ക് താങ്ങ് ആകുന്ന ഒരു സൂചനയാണ്. കാര്‍ഷിക മേഖലകളില്‍ മികച്ച മഴ ലഭിച്ചതും അനുകൂല ഘടകമാണ്. മികച്ച മണ്‍സൂണ്‍ നിലനില്‍ക്കുന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.