കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് പ്രതിക്കൂട്ടില്‍. റിക്രൂട്ടിംഗ് ഏജന്റും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് : നഴ്‌സിംഗ് ജോലിക്കെന്ന പേരില്‍ യുവതികളെ റിക്രൂട്ട് ചെയ്ത് കുവൈത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവും ഏല്‍പ്പിച്ചെന്ന പരാതിയില്‍ റിക്രൂട്ടിംഗ് ഏജന്റും കൂട്ടാളികളും പിടിയില്‍.
ആലപ്പുഴ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ തന്റെ കൈയ്യില്‍ നിന്നും തട്ടിയെടുത്തതായും പരാതിയിലുണ്ട്.
കുടിവെള്ളവും ഭക്ഷണവും തരാതെ ആറു ദിവസം പീഡിപ്പിച്ചു. മുറിയില്‍ പൂട്ടിയിട്ട തനിക്ക് അറബി ഭാഷമാത്രം സംസാരിക്കുന്നയാളില്‍ നിന്നും പീഡനം നേരിടേണ്ടി വന്നു.
രണ്ടു മാസം പീഡിപ്പിച്ച ശേഷം ശമ്പളം പോലും നല്‍കാതെ ഏജന്റിന് മടക്കി നല്‍കി. അവിടേയും പീഡനം നേരിടേണ്ടി വന്നു. ബാത്ത് റൂമിലെ വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനാെന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സോഷ്യല്‍ മീഡിയയിലെ പരിചയം വെച്ച് തന്നെ ചതിച്ചതെന്നും പരാതിയില്‍ പറയുന്നു.
അമ്മയുടെ കെട്ടുതാലി ഉള്‍പ്പടെയുള്ള സ്വര്‍ണം പണയം വെച്ചാണ് പണം സ്വരൂപിച്ച് കോഴിക്കോട്ടുള്ള ഏജന്റിന് കൈമാറിയത്.
കോഴിക്കോട്ടെ റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി ഇത്തരത്തില്‍ ഒട്ടനവധി സ്തീകള്‍ വഞ്ചിതരായിട്ടുണ്ടെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ സംസ്ഥാന പോലീസും കേന്ദ്ര ഏമിഗ്രേഷന്‍ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












