കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എം.എൽ.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
മുകേഷിനു പുറമേ നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജു, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർക്കെതിരെയും കേസെടുത്തു. ഇടവെള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.
മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസാണ്
കേസെടുത്തത്. പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്തു.
പീഡന ആരോപണത്തിൽ കേസെടുത്തതോടെ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ അറിയിച്ചു. കേസെടുത്തതോടെ സിപിഎം നിലപാടും നിർണായകമായി. മുകേഷിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.
മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. പീഡനപരാതിയിൽ നടൻ സിദ്ദിഖിനെതിരെയും, ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ജയസൂര്യക്കെതിരെയും കേസെടുത്തിരുന്നു. ആരോപണങ്ങളെ തുടർന്ന് രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും, സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. ആരോപണങ്ങളെ തുടർന്ന് അമ്മയുടെ ഭരണ സമിതിയും കഴിഞ്ഞ ദിവസം രാജിവച്ചു.
നടനും എംഎൽഎയുമായ മുകേഷ്, അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, മുൻ ഭാരവാഹികളായ ജയസൂര്യ, മണിയൻപിള്ള രാജു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ.വി.എസ്.ചന്ദ്രശേഖരൻ എന്നിവർക്കെതിരെ നടി മിനു മുനീർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ സിനിമരംഗം വിട്ട് മുൻ ജൂനിയർ നടിയാണു ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടിമാരായ ഗീത വിജയനും ശ്രീദേവികയും സംവിധായകൻ തുളസീദാസിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. സംവിധായകൻ വി.കെ.പ്രകാശിനെതിരെ ആരോപണവുമായി കഥാകൃത്തായ യുവതിയാണ് എത്തിയത്.