ദോഹ ∙ ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള സുരക്ഷ സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹപങ്കാളിത്തം കൂടുതൽ ഫലപ്രദമാക്കുന്നതിനായി മൂന്നാമത്തെ കോഓർഡിനേഷൻ യോഗം ദോഹയിൽ നടന്നു. ഇരുരാജ്യങ്ങളും പങ്കുവെക്കുന്ന അതിര്‍ത്തികളായ അബൂസംറ ക്രോസിംഗ്, സൽവ ക്രോസിംഗ് എന്നിവയിലൂടെയുള്ള യാത്രാസൗകര്യങ്ങൾ കൂടുതൽ സുഗമമാക്കാനുള്ള നടപടിക്രമങ്ങളും യോഗത്തിൽ ആമുഖമായി.
ഖത്തർ സംഘത്തിന് നേതൃത്വം നൽകി അബൂസംറ ക്രോസിംഗ് മാനേജ്‌മെന്റ് കമ്മിറ്റി സ്ഥിരംസമിതി ചെയർമാൻ ഖാലിദ് അലി അൽ മിഷാൽ അൽ ബുഐനൈൻ. സൗദി സംഘത്തെ നയിച്ചത് സൽവ ക്രോസിംഗിലെ ബോർഡർ ഗാർഡ് കമാൻഡർ ബ്രിഗേഡിയർ ജനറൽ (നാവികസേന) മുഹമ്മദ് ബിൻ സുലൈമാൻ അൽ ബലവി ആയിരുന്നു.
യാത്രക്കാരുടെ സഞ്ചാരം വേഗത്തിൽ സുരക്ഷിതമായി നടത്തുന്നതിനുള്ള സൗകര്യങ്ങളും അതിർത്തികളിലെ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തു. അതിരിടങ്ങളിലെ സുരക്ഷാ നടപടികൾ സംയോജിപ്പിക്കുകയും പരസ്പര സഹകരണം കൂടുതൽ ഉന്നത നിലവാരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നത് ലക്ഷ്യമിട്ടായിരുന്നു ചർച്ചകൾ.
ഈ കോഓർഡിനേഷൻ യോഗം, രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള നല്ലൊരു തുടക്കമായി വിലയിരുത്തപ്പെടുന്നു.