കുവൈത്ത് സിറ്റി: വേനൽ അവസാനത്തിലെത്തി പക്ഷികളുടെ ദേശാടന സീസണിന് തുടക്കവുമായിരിക്കെ സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത് എൻവയോൺ മെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റി (കെ.ഇ.പി. എസ്). ചുരുക്കം പക്ഷികൾ ഇതിനകം കുവൈത്തിലെത്തിയിട്ടുണ്ട്. വരുന്ന മാസങ്ങളിൽ കൂടുതൽ പക്ഷികളെത്തും.
പക്ഷി നിരീക്ഷക സംഘങ്ങളും ഫോട്ടോഗ്രാഫർമാരും സജീവമായിത്തുടങ്ങിയിട്ടുമുണ്ട്. ഇവർ പക്ഷികളുടെ വരവും അന്തരീക്ഷവും നിരീക്ഷിച്ചു വരുകയാണ്.
ഉയർന്ന ഹ്യുമിഡിറ്റി ഉണ്ടെങ്കിൽ രാജ്യത്തെത്തുന്ന ദേശാടന പക്ഷികളുടെ എണ്ണം കുറവായിരിക്കുമെന്ന് കെ.ഇ.പി.എസിലെ ബേർഡ് മോണിറ്ററിങ് ആൻഡ് പ്രൊട്ടക്ഷൻ ടീം മേധാവി മുഹമ്മദ് ഷാ പറഞ്ഞു. അന്തരീക്ഷത്തിലെ ഉയർന്ന ഹ്യുമിഡിറ്റി പക്ഷികളുടെ പറക്കാനുള്ള കഴിവിനെ ബാധിക്കും. ഇത് പക്ഷികൾ പറക്കൽ നിർത്തി വിശ്രമിക്കാൻ നിർബന്ധിതരാവുകയും യാത്ര പൂർത്തിയാക്കാതിരിക്കുകയും ചെയ്യും. പല ദേശാടന പക്ഷികളെയും കാലാവസ്ഥാ സാഹചര്യങ്ങൾ പ്രത്യേകിച്ച് ഉയർന്ന ആർദ്രതയും ശക്തമായ കാറ്റും ബാധിച്ചിട്ടുണ്ടെന്നും പക്ഷിനിരീക്ഷകർ ചൂണ്ടിക്കാട്ടി.
ദേശാടന പക്ഷികളുടെ കുടിയേറ്റത്തിൽ നിർണായകമായ ഇടമാണ് കുവൈത്ത്. കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷ സ്ഥാനവും പ്രകൃതിദത്തമായ ഇടങ്ങളുമാണ് പക്ഷികൾ ഇവിടം താവളമാക്കുന്നതിനു പിന്നിൽ. കുവൈത്തിലെ തണ്ണീർത്തടങ്ങളിലും കടൽ തീരങ്ങളിലും വൈകാതെ പല നിറങ്ങളിലും രൂ പങ്ങളിലുമുള്ള പക്ഷികളെ കാണാം.











