മാർച്ച് 21 ന് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ബന്ധുവീട്ടിൽ നിന്നാണ് സനുമോഹൻ നാലാം ക്‌ളാസ് വിദ്യാർത്ഥിനിയായ വൈഗയുമായി പുറപ്പെട്ടത്. കാക്കനാട് കങ്ങരപ്പടിയിലെ ഹാർമണി ഫ്‌ളാറ്റിലെത്തി. രാത്രി ഏഴരയോടെ മകളെ തോളിലെടുത്ത് ഫ്‌ളാറ്റിൽ നിന്നിറങ്ങിയ സനുമോഹൻ കാറിൽ പുറത്തേയ്ക്ക് പോയതു മുതൽ ദുരൂഹത ആരംഭിച്ചു
കൊച്ചി: മകളുടെ മൃതദേഹം പുഴയിൽ കണ്ടതിന് പിന്നാലെ മുങ്ങിയ പിതാവിന്റെ പ്രവൃത്തികളിലെ ദുരൂഹതയാണ് 27 ദിവസത്തിന് ശേഷം ചുരുളഴിയുന്നത്. കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് മാർച്ച് 21 ന് മുങ്ങിയ സനുമോഹനാണ് ഞായറാഴ്ച കർണാടകത്തിലെ കാർവാറിൽ നിന്ന് പോലീസിന്റെ പിടിയിലായത്. സനു മോഹൻ മുങ്ങിയതിന് പിറ്റേന്ന് മകൾ 11 കാരിയായ വൈഗയെ കളമശേരി മുട്ടാർപുഴയിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കോയമ്പത്തൂർ വഴി കർണാടകത്തിലെ മൂകാംബികയിലെത്തി അവിടെ നിന്ന് സ്ഥലംവിടുന്നതിനിടയിലാണ് തീരദേശനഗരമായ കാർവാറിൽ നിന്ന് കർണാടക പോലീസ് സനു മോഹനെ പിടികൂടിയത്.
മാർച്ച് 21 ന് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ബന്ധുവീട്ടിൽ നിന്നാണ് സനുമോഹൻ നാലാം ക്‌ളാസ് വിദ്യാർത്ഥിനിയായ വൈഗയുമായി പുറപ്പെട്ടത്. കാക്കനാട് കങ്ങരപ്പടിയിലെ ഹാർമണി ഫ്‌ളാറ്റിലെത്തി. രാത്രി ഏഴരയോടെ മകളെ തോളിലെടുത്ത് ഫ്‌ളാറ്റിൽ നിന്നിറങ്ങിയ സനുമോഹൻ കാറിൽ പുറത്തേയ്ക്ക് പോയതു മുതൽ ദുരൂഹത ആരംഭിച്ചു. പിറ്റേന്ന് മുട്ടാർ പുഴയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലേന്ന് രാത്രി ഒൻപതരയോടെ സനു മോഹൻ കാറിൽ വാളയാർ കടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
മകളെ കൊലപ്പെടുത്തി സനുമോഹൻ മുങ്ങിയതാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് സനുവെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഭാര്യയുടെ പേരിലുള്ള ഫ്‌ളാറ്റ് ഉൾപ്പെടെ പണയം വച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ദീർഘകാലം പൂനെയിൽ താമസിച്ചിരുന്ന കാലത്തും തട്ടിപ്പുകൾ നടത്തിയതും കണ്ടെത്തിയിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റാരെങ്കിലും സനുവിനെയും മകളെയും തട്ടിക്കൊണ്ടു പോയെന്ന സംശയവും പോലീസ് അന്വേഷിച്ചിരുന്നു. അവർ മകളെ പുഴയിലെറിഞ്ഞശേഷം സനുവുമായി കടന്നതാണെന്ന സംശയം ആദ്യം ഉയർന്നിരുന്നു. വാളയാറിലും കോയമ്പത്തൂരിലും നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ കാറിൽ സനു മാത്രമാണ് ഉണ്ടായിരുന്നത്. മകളെ പുഴയിലെറിഞ്ഞ് സനു മുങ്ങിയതാണെന്ന സംശയം ഇതോടെ ബലപ്പെട്ടിരുന്നു.
മകളെ കൊലപ്പെടുത്താനും മുങ്ങാനുമുള്ളള്ള കാരണങ്ങളാണ് ഇനി വെളിപ്പെടാനുള്ളത്. കാർവാറിൽ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. തിങ്കളാഴ്ച ഇയാളെ കൊച്ചിയിലെത്തിച്ച് വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
മൂന്നാഴ്ചയായി സനുവിനെ കണ്ടെത്താനുള്ള നീക്കത്തിലായിരുന്നു കൊച്ചി സിറ്റി പോലീസ്. സംഭവത്തിന്റെ പിറ്റേന്നു തന്നെ പോലീസ് കോയമ്പത്തൂരിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. സനുവിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. അതിനിടെയാണ് മൂകാംബികയിലെ ലോഡ്ജിൽ സനുമോഹൻ എത്തിയത്. ആറു ദിവസം ലോഡ്ജിൽ താമസിച്ചു. മാസ്‌ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ല. സ്വന്തം ആധാർ കാർഡ് തന്നെയാണ് തിരിച്ചറിയിലിനായി നൽകിയിരുന്നത്. ഏതാനും ദിവസം കഴിഞ്ഞും മുറിയുടെ വാടക നൽകാത്തതിനെ തുടർന്ന് ജീവനക്കാർ തിരക്കിയപ്പോഴാണ് കാർഡ് വഴി പണം നൽകാമെന്ന് വാഗ്ദാനം ചെയ്തശേഷം സ്ഥലം വിട്ടത്. ഇതിനിടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ലോഡ്ജിലെ സി.സി.ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജീവനക്കാർ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കർണാടക, കേരള പോലീസുകളെ വിവരം അറിയിച്ചു. തിരച്ചിൽ ഊർജിതമാക്കിയ കർണാടക പോലീസാണ് കാർവാർ ബീച്ചിന് സമീപത്തു നിന്ന് സനു മോഹനെ കണ്ടെത്തി പിടികൂടിയത്