ദുബൈ: എയര്‍പോര്‍ട്ട് കൗണ്‍സില് ഇന്റര്‍നാഷണലിന്റെ 2024 ലെ എയര്‍ കണക്ടിവിറ്റി റാങ്കിംഗില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഏഷ്യ-പസഫിക്, മിഡില്‍ ഈസ്റ്റ് മേഖലയിലേയ്ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി യാത്രക്കാരെ ബന്ധിപ്പിക്കുന്നതില്‍ കാഴ്ചവെച്ച ഉന്നത സേവനമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്.
ഗ്ലോബല്‍ എവിയേഷന്‍ രംഗത്ത് കണക്ടിവിറ്റി നിര്‍ണായകമാണെന്നും, ഈ മേഖലയില്‍ വീണ്ടും അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നുമാണ് ദുബൈ എയര്‍പോര്‍ട്ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പ്രതികരിച്ചത്. ദുബൈ വിമാനത്താവളത്തെ വേറിട്ടതാക്കുന്നത് നെറ്റ്വര്‍ക്കിന്റെ വിപുലത മാത്രമല്ല, സേവനങ്ങളുടെ സ്ഥിരതയും ഗുണനിലവാരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് ഭൂഖണ്ഡങ്ങളിലായി 265 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനം സേവനങ്ങള്‍ നിലവിലുണ്ട്. ഇത് ആഗോള വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും സാമ്പത്തിക അവസരങ്ങള്‍ക്കുമൊക്കെ വലിയ പിന്തുണയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 9.2 കോടി യാത്രക്കാര്‍ ദുബൈ വിമാനത്താവളം ഉപയോഗിച്ചതായി അധികൃതര്‍ നേരത്തെ അറിയിച്ചു. 2023 നെക്കാള്‍ 6 ശതമാനം വര്‍ധനയാണ് 2024ല്‍ രേഖപ്പെടുത്തിയത്.
2018ലെ കോവിഡ് മുന്‍പത്തെ റെക്കോര്‍ഡായ 8.91 കോടി യാത്രക്കാരെ മറികടന്ന്, ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന നിലയും ദുബൈ നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം 3 ലക്ഷം വിമാനം സേവനങ്ങളാണ് ഇവിടെ നിന്നും പ്രവര്‍ത്തിച്ചത്. 106 വിമാനക്കമ്പനികള്‍ 107 രാജ്യങ്ങളിലേക്കാണ് ദുബൈയില്‍ നിന്നുള്ള സര്‍വീസുകള്‍ നടത്തുന്നത്. ഇന്ത്യ, സൗദി അറേബ്യ, യുകെ, പാകിസ്ഥാന്‍ എന്നിവയാണ് പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍.
2024 ജനുവരിമുതല്‍ നവംബര്‍വരെ 1.67 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ ദുബൈയില്‍ എത്തി. മുന്‍വര്‍ഷത്തേക്കാള്‍ 9 ശതമാനം വര്‍ധനവാണ് ഇത്. ദുബൈ ടൂറിസം സെക്ടറിന്റെ റിപ്പോർട്ടിൻ പ്രകാരം നവംബറില്‍ മാത്രം 18.3 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയത് രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകരില്‍ ഏറ്റവും കൂടുതലും എത്തുന്നത് പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നാണ്, ഇതിന്‍റെ 20 ശതമാനം. അതിനുപിറകെ ദക്ഷിണേഷ്യയാണ്.
നിലവിൽ ദുബൈയിലെ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനത്തിന്റെ ആദ്യഘട്ടം 2032ൽ പ്രാവർത്തികമാകുമെന്നാണ് കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്ന ഔദ്യോഗിക പ്രഖ്യാപനം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സര്‍വീസുകളും തരംമാറി ആൽ മക്തൂമിലേക്ക് മാറും. വർഷത്തിൽ 15 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുന്ന ശേഷിയോടെയായിരിക്കും പദ്ധതി. 400 എയര്‍പോര്‍ട്ട് ഗേറ്റുകളും അഞ്ചു സമാന്തര റണ്‍വേകളും ഉള്‍പ്പെടുന്ന വിമാനത്താവളം 70 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്നതാണ്. പൂർത്തിയായാൽ നിലവിലെ വിമാനത്താവളത്തിന്റെ അഞ്ചുമടങ്ങ് വലിപ്പം ഈ ആധുനിക കേന്ദ്രം കൈവരിക്കും.