ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ ഒപ്പുവച്ചു.
കരാർ പ്രകാരം, പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ എൽ.എൻ.ജി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് ഒരുമതിയായത്. അഡ്നോകിന്റെ സബ്സിഡറിയായ അഡ്നോക് ഗ്യാസ് വഴിയാണ് കരാർ നടപ്പിലാക്കുന്നത്.
ഇന്ത്യയുടെ ഊർജസുരക്ഷയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഗെയിൽ ഇന്ത്യ എന്നിവയുമായും അഡ്നോക് ഗ്യാസ് ഇത്തരമൊരു കരാർ മുമ്പേ ഒപ്പുവെച്ചിരുന്നു.
2030 ഓടെ, മൊത്തം ഊർജോൽപാദനത്തിലെ 15 ശതമാനം ഭാഗം എൽ.എൻ.ജി വഴി നേടുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ കരാർ. ഇന്ത്യയുടെ വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തി അഡ്നോക് ഗ്യാസ് സിഇഒ ഫാത്തിമ അൽ നുഐമി പ്രതികരിച്ചു.
അഡ്നോക്കിന്റെ ദാസ് ഐലൻഡ് പ്ലാന്റിൽ നിന്നായിരിക്കും എൽ.എൻ.ജി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ദീർഘകാല ഉൽപാദനപരിചയമുള്ള എൽ.എൻ.ജി പ്ലാന്റുകളിലൊന്നാണ് ദാസ് ഐലൻഡിലെത്. പ്ലാന്റിന്റെ വാർഷിക ഉൽപാദന ശേഷി 6 എം.എം.ടി.പി.എയാണ് (മില്യൺ മെത്രിക് ടൺസ് പെർ അനം).