ദുബൈ : ദുബൈയിലെ വാഹന പരിശോധനക്കായി ഇനി ഓൺലൈൻ ബുക്കിങ് നിർബന്ധമാകും. ജൂൺ 2 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലാകും എന്ന് ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഓൺലൈൻ ബുക്കിങ് ഇല്ലാതെ പരിശോധനക്കെത്തുന്ന ഉപഭോക്താക്കളിൽ നിന്ന് 100 ദിർഹം അധിക സേവന ഫീസ് ഈടാക്കുമെന്നും അറിയിച്ചു.
ദുബൈയിലെ 27 സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിൽ ഈ സംവിധാനം ബാധകമായിരിക്കും. ഉപയോക്താക്കൾക്ക് RTA ദുബൈ സ്മാർട്ട് ആപ് വഴിയോ വെബ്‌സൈറ്റ് വഴിയോ പരിശോധനയ്ക്ക് മുൻകൂർ സമയം بک്ചെയ്യാം. വാഹന പരിശോധനയ്ക്കുള്ള തിരക്കു കുറയ്ക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുമാണ് പുതിയ നടപടി.
തസ്ജീൽ ഹത്ത സെന്ററിൽ ഈ നിയമത്തിൽ ഇളവുണ്ടാകും. കൂടാതെ, മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ എത്തുന്നവർക്ക് വാക്ക്-ഇൻ സേവനം 19 പരിശോധനാ കേന്ദ്രങ്ങളിൽ ലഭ്യമാകും. എന്നാൽ, ഇവർക്ക് 100 ദിർഹം അധിക സേവന ഫീസ് ബാധകമാകും.
നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെട്ടവരും മുതിർന്ന പൗരന്മാരും ഓൺലൈൻ അപ്പോയിന്റ്മെന്റ് ഇല്ലാതെ പരിശോധനക്ക് എത്താൻ അനുവദിക്കപ്പെടും.
2023 ഒക്ടോബറിൽ ഖിസൈസ്, അൽ ബർഷ തസ്ജീൽ സെന്ററുകളിൽ പൈലറ്റ് പദ്ധതിയായി ഈ സംവിധാനം ആരംഭിച്ചിരുന്നു. ഉപഭോക്തൃ കാത്തിരിപ്പ് സമയം 46 ശതമാനം വരെ കുറയുകയും സംരംഭം വിജയകരമാകുകയും ചെയ്തുവെന്ന് RTA വ്യക്തമാക്കി.