ദുബായ് : ദുബായിലെ പ്രമുഖ തീം പാർക്കായ ദുബായ് റിവർലാൻഡിൽ വളർത്തുമൃഗങ്ങൾക്ക് സ്വാഗതമോതുന്നു. ഈ മാസം 14, 15 തീയതികളിലാണ് ദുബായ് പാർക്സ് ആൻഡ് റിസോർട്ടിൽ സ്ഥിതി ചെയ്യുന്ന ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ സന്ദർശകർക്ക് അവരുടെ വളർത്തുമൃഗങ്ങളെ കൂടി കൊണ്ടുവരാൻ അവസരമൊരുക്കുന്നത്. ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 10 വരെ വിവിധ മത്സരങ്ങൾ അടക്കമുള്ള ആകർഷകമായ പരിപാടികളും ആസ്വദിക്കാം.
പ്രശസ്തമായ വേൾഡ് കെന്നൽ യൂണിയൻ ചാംപ്യൻഷിപ്പ് ഡോഗ് ഷോയിൽ കഴിവുകൾ പ്രകടിപ്പിക്കാനും അംഗീകാരത്തിനായി മത്സരിക്കാനും നായ്ക്കളെയും അവയുടെ ഉടമകളെയും ക്ഷണിക്കുന്നു. പൂച്ച പ്രേമികൾക്ക് പൂച്ചകളുടെ സൗന്ദര്യവും കഴിവും പ്രകടിപ്പിക്കുന്ന ക്യാറ്റ് ഷോ മത്സരങ്ങളും അരങ്ങേറും. വളർത്തുമൃഗത്തി ന്‍റെ കഴിവുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് രസകരവും സൗഹൃദപരവുമായ മത്സരത്തിൽ പങ്കെടുക്കാം.
സർഗാത്മകതയ്ക്കും വിനോദത്തിനും വേണ്ടിയുള്ള പെറ്റ് ഫാഷൻ ഷോ & ഫാൻസി-ഡ്രസ് മത്സരമാണ് ആകർഷകമായ മറ്റൊന്ന്. വിജയികളെ സമ്മാനങ്ങൾ കാത്തിരിക്കുന്നു. അതേസമയം, വളർത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രായോഗിക നുറുങ്ങുകൾ വാഗ്ദാനം ചെയ്ത് വളർത്തുമൃഗ പ്രേമികൾക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങളുടെ അനുസരണ പരീക്ഷിക്കുന്ന പ്രകടനങ്ങളും ആസ്വദിക്കാം. വളർത്തുമൃഗങ്ങളെ അവരുടെ വീടുകൾ കണ്ടെത്താൻ സഹായിക്കുന്നതിന് പെറ്റ് അഡോപ്ഷൻ ഡ്രൈവ് ഓൺ-സൈറ്റ് ഒരുക്കുന്നതാണ്. സന്ദർശകർക്ക് ദത്തെടുക്കാവുന്ന വളർത്തുമൃഗങ്ങളെ കാണാനും മൃഗസംരക്ഷണത്തിനായി സമർപ്പിച്ചിരിക്കുന്ന ഷെൽട്ടറുകളുമായും സംഘടനകളുമായും സംവദിക്കാനും അവസരമുണ്ട്.
സാന്താസ് ടോയ് ഫാക്ടറി പരേഡ്, റോക്കിങ് റാഗ്‌ഡോൾസ് ഷോ, സജീവമായ ഡിജെ, വളർത്തുമൃഗങ്ങളുടെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിപണി, മാസ്കോട്ടുകളുടെ പ്രകടനം, ഭക്ഷണകേന്ദ്രങ്ങൾ എന്നിവയും വിനോദങ്ങളും ആസ്വദിക്കാം. യു എ ഇയുടെ കെ9 യൂണിറ്റ് പൊലീസ് നായകളുടെ തത്സമയ പ്രദർശനവും പ്രകടനവും സവിശേഷതയാണ്. പ്രവേശനത്തിന് https://www.dubaiparksandresorts.com.
