ദുബായ് : കനത്ത മഴയ്ക്ക് പിന്നാലെ നഗരത്തിൽ ആവർത്തിച്ചുവരുന്ന വെള്ളക്കെട്ട് പ്രശ്നങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ദുബായിൽ പുതിയ ഡ്രെയിനേജ് ശൃംഖലയുടെ നിർമ്മാണം പൂർത്തിയായി. ‘ബീച്ച് പ്രോജക്ട്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി 277 ദശലക്ഷം ദിർഹം ചെലവിലാണ് നടപ്പാക്കിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
മഴവെള്ളം ഗതാഗതവും നഗരജീവിതവും ദുഷ്പ്രഭാവത്തിൽ ആക്കുന്നതിന്റെ പശ്ചാത്തലത്തിൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മഴവെള്ളം ശേഖരിച്ച് സുരക്ഷിതമായി കടലിലേക്ക് ഒഴുക്കാൻ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി ദുബായിയുടെ പ്രളയ പ്രതിരോധ ശേഷിയെ ഗണ്യമായി ശക്തിപ്പെടുത്തും എന്നും അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഒരു നാഴികക്കല്ലായി മാറും എന്നും അധികൃതർ വ്യക്തമാക്കി. നഗരവാസികൾക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ ജീവിതം ഉറപ്പാക്കുന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും നേരിടാൻ ദുബായിയുടെ മുന്നൊരുക്കമായ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞവർഷം ജൂണിലാണ്.
പദ്ധതിയുടെ വിജയകരമായ പൂർത്തീകരണം നഗരത്തിനുള്ളിൽ അന്തരീക്ഷ താപനില നിയന്ത്രണത്തിലും ജലസംഭരണ ശേഷി വർധിപ്പിക്കലിലും സഹകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.