ഒമാനിലെ മസ്‌കത്തില്‍ താമസിക്കുന്ന ജോണ്‍ വര്‍ഗീസിന് സ്വപ്‌ന തുല്യമായ സമ്മാനം
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം മില്യനിയര്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ഒരിക്കല്‍ കൂടി പ്രവാസി മലയാളിക്ക്.
ഇക്കുറി സമ്മാനം നേടിയത് ഒമാനിലെ മസ്‌കത്തില്‍ താമസിക്കുന്ന ജോണ്‍ വര്‍ഗീസി (62)നാണ് പത്തു ലക്ഷം ഡോളര്‍ ( ഏകദേശം 7.9 കോടി രൂപ) സമ്മാനം ലഭിച്ചത്.
ഡ്യൂട്ടി ഫ്രീയുടെ 392 ാം നറുക്കെടുപ്പില്‍ 0982 എന്ന നമ്പറിനാണ് പത്തു ലക്ഷം ഡോളര്‍ നറുക്കു വീണത്.
35 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന ജോണ്‍ വര്‍ഗീസ് സ്വകാര്യ കമ്പനിയുടെ ജനറല്‍ മാനേജറാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുടങ്ങാതെ എയര്‍പോര്‍ട് മില്യനിയര്‍ ടിക്കറ്റ് വാങ്ങാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും മസ്‌കത്തില്‍ നിന്നും ദുബായിലേക്ക് വിമാനയാത്ര ചെയ്യേണ്ടിവരാറുണ്ട്. അങ്ങിനെയാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ കൗണ്ടറില്‍ നിന്നും മില്യനിയര്‍ നറുക്കെടുപ്പിനുള്ള ടിക്കറ്റ് വാങ്ങുന്നത്.
എന്നാല്‍, കോവിഡ് വന്നതോടെ ഈ യാത്രകള്‍ മുടങ്ങി. പക്ഷേ, പതിവായി എടുക്കുന്ന മില്യനിയര്‍ മുടക്കിയില്ല. ഇത് ഓണ്‍ലൈന്‍ വഴി എടുക്കുകയായിരുന്നു പിന്നീട്.
ഇക്കുറിയും ഓണ്‍ലൈനായാണ് ടിക്കറ്റ് വാങ്ങിയത്. എന്നെങ്കിലും തനിക്ക് പത്തുലക്ഷം ഡോളര്‍ അടിക്കുമെന്ന് വിശ്വസിച്ചിരുന്നതായി ജോണ്‍ പറഞ്ഞു.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 192 ാമത്തെ ഇന്ത്യക്കാരനാണ് ജോണ്‍ വര്‍ഗീസ്.