ദുബായ് : ദുബായിലെ മുതിർന്ന എമിറാത്തി പൗരന്മാരെ പെരുന്നാൾ ദിനത്തിൽ ചേർത്തുപിടിച്ച് ജിഡിആർഎഫ്എ. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച്, ‘വലീഫ്’ പദ്ധതിയിലൂടെ 48 മുതിർന്ന പൗരന്മാരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി സമ്മാനങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളും കൈമാറി.’ഈദ് മുബാറക്! നിങ്ങൾ ഞങ്ങളുടെ കൂടെയുള്ളത് വളരെ വിലപ്പെട്ടതാണ്’ എന്ന സ്നേഹം നിറഞ്ഞ വാക്കുകളോടെയാണ് സമ്മാനങ്ങൾ നൽകിയത്.മുതിർന്ന പൗരന്മാരോടുള്ള സമൂഹത്തിന്റെ കടമയും ഉത്തരവാദിത്തവും ഓർമിപ്പിക്കുന്ന ഈ സംരംഭം, ദുബായ് സമൂഹത്തിൽ നിലനിൽക്കുന്ന മാനുഷികതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ അടയാളമായിത്തീർന്നു.
