ദുബായ് : മലബാർ ഡെന്റൽ ക്ലിനിക്കിന്റെ സാങ്കേതിക പിന്തുണയോടെ വികസിപ്പിച്ച 800 Teeth Dental Care മൊബൈൽ ക്ലിനിക്ക് ദുബായിൽ പ്രവർത്തനമാരംഭിച്ചു. ദുബായിലെ ആദ്യ വാണിജ്യ മോഡൽ മൊബൈൽ ഡെന്റൽ ക്ലിനിക്കാണിതെന്ന് സംഘാടകർ വ്യക്തമാക്കി. പൂർണമായി സജ്ജീകരിച്ച ദന്തചികിത്സാ സംവിധാനങ്ങളോടുകൂടിയ മൊബൈൽ യൂണിറ്റാണ് സേവനം ആരംഭിച്ചത്.
ദുബായ് ഇന്ത്യൻ ഹൈസ്‌കൂൾ ഗ്രൂപ്പ് സിഇഒ പുനിത് എം.കെ. വാസു ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി ഡയറക്ടർ ഡോ. എം.എ. ബാബുവും ചെയർമാൻ ലുവായ് സമീർ അൽദഹ്‌ലാനും ചടങ്ങിൽ സംസാരിച്ചു.
ഹോട്ടലുകൾ, സ്‌കൂളുകൾ, കോർപറേറ്റു സ്ഥാപനങ്ങൾ, റസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിൽ നേരിട്ട് എത്തി ദന്തരോഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിശോധിക്കുകയും ചികിത്സ നൽകുകയും ചെയ്യുകയാണ് ക്ലിനിക്കിന്റെ മുഖ്യ ലക്ഷ്യം. ശുചിത്വം, സൗകര്യപ്രദമായ സേവനം, സമയ സംരക്ഷണം എന്നിവയും മൊബൈൽ ക്ലിനിക്കിന്റെ പ്രധാന ആകർഷണങ്ങളാണ്.