ദുബായ് • ദുബായ് ഉൾപ്പടെയുളള എമിറേറ്റുകളിൽ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കുകയാണ്. സ്കൂളുകളിലേയ്ക്കുളള യാത്രകൾക്ക് മിക്ക രക്ഷിതാക്കളും സ്കൂൾ ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ ടാക്സി വിളിക്കേണ്ടി വരാറുണ്ട്. വിദ്യാർഥികൾക്ക് ടാക്സി സേവനങ്ങൾ നേരത്തെ ബുക്ക് ചെയ്യാനുളള സൗകര്യം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്നുണ്ട്. ടാക്സികൾ വീട്ടിലെത്തി കുട്ടികളെ സ്കൂളിലെത്തിക്കുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യും. 2023 ലാണ് ആർടിഎ കരീം ആപ്പിൽ സ്കൂൾ റൈഡ്സ് എന്ന ഓപ്ഷൻ നൽകിയത്. ആപ്പിലൂടെ യാത്ര മുൻകൂട്ടി ബുക്ക് ചെയ്യാം.
ആർടിഎ സ്കൂൾ യാത്ര സേവത്തിന്റെ പ്രയോജനങ്ങൾ
- കരീം ആപ്പിലൂടെ ഒന്നിലധികം കുട്ടികൾക്ക് ഒരേ ടാക്സിയിൽ യാത്ര ബുക്ക് ചെയ്യാം. ഇതിലൂടെ ഓരോ കുട്ടിക്കും പ്രത്യേകമായി ടാക്സി ചാർജ്ജ് കൊടുക്കുന്നതിലെ അധിക ചെലവ് ഒഴിവാക്കാം.
- വിദ്യാർഥികളുടെ സ്കൂൾ യാത്രകൾക്ക് സാധാരണ ടാക്സി ചാർജ്ജിനേക്കാൾ 34.5 ശതമാനം വരെ ഇളവ് കരീം നൽകുന്നുണ്ട്.
- തിരക്കുളള മണിക്കൂറുകളിൽ ടാക്സി ചാർജ്ജിലുണ്ടാകുന്ന താരിഫ് വർധന സ്കൂൾ യാത്രകളിലില്ല.
- കരീം ആപിലൂടെ രക്ഷിതാക്കൾക്ക് കുട്ടിയുടെ യാത്ര വീട്ടിലിരുന്ന് നിരീക്ഷിക്കാം.
എട്ടുവയസിന് താഴെയുളളവർക്ക് മുതിർന്നവർക്കൊപ്പം മാത്രമാണ് സ്കൂൾ ടാക്സി യാത്ര അനുവദനീയം. എട്ടുമുതൽ പതിനൊന്ന് വയസുവരെയുളളവർക്ക് രക്ഷിതാക്കളിൽ നിന്നുളള സമ്മത പത്രമുണ്ടെങ്കിൽ സ്കൂൾ ടാക്സിയിൽ യാത്ര ചെയ്യാം. 12 വയസുളളവർക്ക് സ്കൂൾ ടാക്സി യാത്ര ചെയ്യാം.