ദുബായ് : യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികൾ വെളിച്ചത്തിന്‍റെ ആഘോഷമായ ദീപാവലിയെ വരവേൽക്കാനൊരുങ്ങി. നാളെയാണ് ദീപാവലി . എമിറേറ്റിന്‍റെ പഴയ നഗരമായ ബർ ദുബായിലെ മീനാ ബസാറിലാണ് ദീപാവലി ആഘോഷം പൊടിപൊടിക്കുന്നത് കാണാനാകുക. അവിടെ ചെന്നാൽ ഇത് ഗൾഫ് തന്നെയാണോ എന്ന് ചിന്തിച്ചുപോകും.
ദീപങ്ങളാൽ അലങ്കരിച്ച കടകൾ, ഫ്ലാറ്റുകള്‍… ദീപങ്ങളുടെ ആഘോഷമായ ദീപാവലി മധുരമായി ആഘോഷിക്കുകയാണ് ഇവിടെ ഇന്ത്യൻ പ്രവാസികൾ. ഇന്ത്യക്ക് പുറത്ത് ഒരുപക്ഷേ, ഇത്രമാത്രം ദീപാവലി ആഘോഷിക്കുന്നത് യുഎഇയിലായിരിക്കാം. ഹൈപ്പർമാർക്കറ്റുകളിലും എന്തിന് ചെറുകിട ഗ്രോസറികളിൽ വരെ ദീപാവലി ഉത്പന്നങ്ങൾ കഴിഞ്ഞയാഴ്ച തന്നെ വിൽപനയാരംഭിച്ചിരുന്നു. വിവിധ തരം മധുരപലഹാരങ്ങളും പൂക്കളും വിൽപനയ്ക്കുണ്ട്. കൂടാതെ, മൺചെരാതുകളും നിരന്നിരിക്കുന്നു.
ഇവയെല്ലാം വാങ്ങാൻ കുടുംബസമേതമാണ് ആളുകളെത്തുന്നത്. ഗുജറാത്തികൾ, സിന്ധികൾ, തമിഴ്നാട് സ്വദേശികൾ, തെലുങ്ക്, കന്നഡ വിഭാഗക്കാരാണ് യുഎഇയിൽ ദീപാവലി ആഘോഷിക്കുന്നതിൽ മുൻപിൽ. ഗുജറാത്തി സ്ത്രീകളുടെ ഉല്ലാസപൂർണമായ ഡാൻഡിയ നൃത്തവും സിന്ധി കൂട്ടായ്മകളുടെ ഒത്തുചേർന്നുള്ള ആഘോഷങ്ങളും ദുബായിലെ ദീപാവലിയെ സംഗീതസാന്ദ്രമാക്കുന്നു.
പഞ്ചാബികളും വളരെയധികം പാക്കിസ്ഥാനികളും ബംഗാളികളും ഈ ആഘോഷങ്ങളിൽ സ്നേഹത്തോടെ പങ്കു ചേരുമ്പോൾ ഇതിന് മാനവികതയുടെ രൂപവും കൈവരുന്നു.യുഎഇയിൽ ഇന്ത്യക്കാർ കുടിയേറിയതു മുതൽ ഇവിടെ ദീപാവലി ആഘോഷിച്ചുവരുന്നു. പണ്ടൊക്കെ പടക്കങ്ങൾ പൊട്ടിക്കുമായിരുന്നെങ്കിലും പിന്നീട് യുഎഇയിൽ പടക്കവിൽപന നിരോധിച്ചതോടെ ആ സന്തോഷം കമ്പിത്തിരിയിലും മറ്റും ഒതുങ്ങി.
മധുരപലഹാരങ്ങളും വിളക്കുകളും വസ്ത്രങ്ങളും വിൽപന നടത്തുന്ന പ്രത്യേക ഏരിയ തന്നെ മീനാ ബസാറിലുണ്ട്. പുലർച്ചെ കുളിച്ച് നിറങ്ങൾ ചാലിച്ച വസ്ത്രങ്ങളണിഞ്ഞ് ക്ഷേത്ര ദർശനത്തോടെയാണ് ദീപാവലി ആഘോഷം തുടങ്ങുന്നത്. അബുദാബിയിലെയും ജബൽ അലിയിലെയും ക്ഷേത്രങ്ങളിൽ വൻ ആഘോഷമൊരുക്കിയിരിക്കുന്നു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും ഭവന സന്ദർശനമാണ് പിന്നീട്. എല്ലായിടത്തും മധുരം നന്നായി വിളമ്പും. ഏത് രാജ്യക്കാരാണെന്ന് നോക്കാതെയുള്ള ഈ സ്നേഹപ്രകടനം ദുബായിയുടെ മാത്രം പ്രത്യേകതയാണ്.ബഹു-ബീജ്,ഭായി ദൂജ് എന്നെല്ലാം ഈ ആഘോഷത്തിന് നാമഭേദങ്ങളുണ്ട്. ഈ ആഘോഷത്തോടെ ദീപാവലിയുടെ ആചരണം പൂര്‍ത്തീകരിക്കുന്നു. എങ്ങനെയായാലും ഭാരതത്തിന്‍റെ വിശാലഭൂമിയില്‍ ജാതിമതഭേദമെന്യേ ഇന്ന് ദീവാളി ആഘോഷിച്ചുവരുന്നു. യുഎഇ കൂടാതെ മറ്റു രാജ്യങ്ങളിലും ആഘോഷങ്ങള്‍ക്കു കുറവില്ല. പ്രത്യേകിച്ച് ഉത്തരേന്ത്യക്കാർ ഒട്ടേറെയുള്ള പ്രദേശങ്ങളിലാണ് കേമമായ ദീപാവലി ആഘോഷമുള്ളത്. അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉത്സവമായിത്തന്നെ കൊണ്ടാടുന്നുണ്ട്.
