സുധീര്‍നാഥ്
എന്തിഹ മന്‍ മാനസേ സന്ദേഹം വളരുന്നു
അങ്കേശാമീ ഞാനിന്നു പിറന്നുവോ…?
കര്‍ണ്ണശപഥം കഥകളിയില്‍, ഹിന്ദോള രാഗത്തില്‍, ചെമ്പട താളത്തില്‍ കലാമണ്ഡലം ഹൈദരാലി പാടിയാല്‍ ആരും കേട്ടിരുന്നു പോകും. 1988ല്‍ ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തില്‍ ശിഷ്യന്‍റെ കഥകളിക്ക് പാടുവാന്‍ ക്ഷണിച്ച ഹൈദരാലിയെ ചില വര്‍ഗീയവാദികള്‍ ക്ഷേത്ര മതിലിനുള്ളില്‍ കയറാന്‍ സമ്മതിച്ചില്ല. ഒടുവില്‍ ക്ഷേത്ര ഭാരവാഹികള്‍ ക്ഷേത്രത്തിന്‍റെ മതില് പൊളിച്ച് ഹൈദരാലിക്ക് പാടുവാനായി പ്രത്യേക വേദി ഉണ്ടാക്കി. അങ്ങിനെ ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തിന്‍റെ മതിലിന് പുറത്ത് നിന്ന് ഹൈദരാലി പാടി. ക്ഷേത്രത്തിനുള്ളില്‍ കഥകളിയും ആടി.
കലാമണ്ഡലം ഹൈദരാലി കഴിഞ്ഞേ കഥകളി സംഗീതത്തിന് ഇന്നും മറ്റൊരു പേരുള്ളൂ. ത്യശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ അദ്ദേഹത്തിന്‍റെ കലാ ജീവിതം വളര്‍ന്നത് ത്യക്കാക്കരയില്‍ നിന്നാണ്. ഹൈന്ദവ ക്ലാസ്സിക്കല്‍ കലാരൂപമായ കഥകളി രംഗത്തെ ആദ്യ മുസ്ലീമാണ് ഹൈദരാലി. കഥകളി സംഗീതത്തില്‍ പകരം വെയ്ക്കാനില്ലാത്ത, ഭാവാത്മകമായ ആലാപനത്തിലൂടെ ഈ മേഖലയെ ജനപ്രിയമാക്കിയ കലാകാരനാണ് ഹൈദരാലി. 1957 മുതല്‍ 65 വരെ എതിര്‍പ്പുകളെ അതിജീവിച്ച് കലാമണ്ഡലത്തില്‍ കഥകളി സംഗീതം അഭ്യസിച്ച ഹൈദരാലി, 1960ലായിരുന്നു കഥകളി സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കളമശ്ശേരിയിലെ ഫാക്ടില്‍ കഥകളി അദ്ധ്യാപകനായി. അന്നുമുതല്‍ 2006 ജനുവരി 5ന് മരണപ്പെടും വരെ അദ്ദേഹം ചങ്ങമ്പുഴ നഗറിലെ താമസക്കാരനായിരുന്നു. അദ്ദേഹം പഠിച്ച ഓട്ടുപാറ സ്ക്കൂളില്‍ 2017ലെ പ്രവേശനോത്സവത്തില്‍ അതിഥിയായി പങ്കെടുത്തത് ലേഖകന്‍ അനുഗ്രഹമായി കരുതുന്നു.
മലയാള നാടക വേദിക്ക് സംഗീതത്തിന്‍റെ മാസ്മര താളം സമ്മാനിച്ച തോപ്പില്‍ ആന്‍റോ ഇടപ്പള്ളി ടോളിലാണ് താമസിക്കുന്നത്. മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ കേരളത്തിന് പകര്‍ന്നു നല്‍കിയ തോപ്പില്‍ ആന്‍റോയുടെ സംഭാവന വിലമതിക്കാന്‍ സാധിക്കാത്തതാണ്. അദ്ദേഹത്തിന്‍റെ മകന്‍ പ്രേം സാഗറും ഗായകനും സംഗീത സംവിധായകനുമാണ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് തിരുവനന്തപുരത്ത് തുടങ്ങിയ തരംഗിണി സംഗീത അക്കാദമിയില്‍ നിന്ന് സംഗീതത്തില്‍ ഗാനപ്രവീണ പാസായ ത്യക്കാക്കരയിലെ ആദ്യ വ്യക്തി ഡെന്നീസായിരുന്നു. തരംഗിണിയില്‍ വെച്ച് ഒട്ടേറെ ഗാനങ്ങള്‍ക്ക് ട്രാക്കും പിന്നണിയും പാടി. നിര്‍ഭാഗ്യമെന്ന് പറയട്ടെ, വളരെ ചെറുപ്പത്തില്‍ ഡെന്നീസ് യാത്രയായി.
നാഴിയൂരി പാലുകൊണ്ട് നാടാകെ കല്ല്യാണം
നാലഞ്ചു തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണം
ഹാ മാനത്തൊരു പൊന്നോണം
പി ഭാസ്കരന്‍ രചിച്ച് രാഘവന്‍മാസ്റ്റര്‍ സംഗീതം നല്‍കി പി ലീലയും, ഗായത്രിയും രാരിച്ചന്‍ എന്ന പൗരന്‍ എന്ന സിനിമയില്‍ പാടിയ ഗാനമാണ്. ഇത് പാടിയ ഗായത്രി ശ്രീക്യഷ്ണന്‍ ഏറെ നാള്‍ താമസിച്ചത് ത്യക്കാക്കര എന്‍ജിഒ ക്വോര്‍ട്ടേഴ്സിലായിരുന്നു. ഒറ്റ ഗാനം സിനിമയില്‍ പാടി പ്രശസതമാായ അവര്‍ ഡല്‍ഹിയിലുണ്ടായപ്പോഴാണ് കൂടുതല്‍ അടുത്തത്.
എറണാകുളം പബ്ലിക്ക് ലൈബ്രറിക്ക് സമീപമുള്ള അച്യുതമേനോന്‍ ഹാളില്‍ പി ഭാസ്ക്കരനെ അനുമോദിക്കുന്ന ചടങ്ങ് യൂക്കോ സ്പാര്‍ക്കിന്‍റെ നേത്യത്വത്തില്‍ നടക്കുന്നു. ജസ്റ്റിസ് വി ആര്‍ ക്യഷ്ണയ്യര്‍, ഇപ്റ്റാ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ എ ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു. എട്ടു വയസുള്ള ഒരു പാവടക്കാരിയെ അമ്മ പൊക്കി എടുത്ത് സ്റ്റേജില്‍ നിര്‍ത്തി. മൈക്ക് അവളോടൊപ്പം താഴ്ത്തി. അവള്‍ ഭാസ്ക്കരന്‍ മാഷെ കാല്‍ തൊട്ട് വന്ദിച്ച് പാടി തുടങ്ങി….
തളിരിട്ട കിനാക്കള്‍ തന്‍,
താമര മാല വാങ്ങാന്‍,
വിളിച്ചിട്ടും വരുന്നില്ല, വിരുന്നു കാരന്‍…..
പാട്ട് അവസാനിച്ചപ്പോള്‍ സദസ് ഒന്നാകെ എഴുന്നേറ്റ് ക്കൈ അടിച്ചു. ڇ നല്ല ഭാവിയുള്ള കുട്ടി. നല്ല ശബ്ദം. ഒരിക്കലും മോള്‍ സംഗീതം കൈവിടരുത്.ڈ ഭാസ്ക്കരന്‍ മാഷ് ആ കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി അനുഗ്രഹിച്ചു. ചങ്ങമ്പുഴ നഗറില്‍ നിന്ന് ത്യക്കാക്കര ക്ഷേത്രത്തില്‍ അമ്മയോടൊപ്പം എത്തിയിരുന്ന കുട്ടിയാണ് അന്ന് പാടിയത്. പില്‍ക്കാലത്ത് മലയാള സംഗീതത്തിന് ശബ്ദം കൊണ്ട് സപ്തവര്‍ണ്ണങ്ങള്‍ തീര്‍ത്ത ഗായിക രാജലക്ഷമി.
കാവാലം നാരായണപണിക്കരുടെ മകനും ഗായകനുമായ കാവാലം ശ്രീകുമാര്‍ ഏറെ കാലം താമസിച്ചത് ത്യക്കാക്കര ക്ഷേത്രത്തിന് തൊട്ടു തന്നെയായിരുന്നു. കൊച്ചി ആകാശവാണി എഫ്എം നിലയത്തില്‍ ഔദ്യോഗിക ചുമതല വഹിക്കുന്ന കാലത്തായിരുന്നു അദ്ദേഹം അവിടെ താമസിച്ചത്. പിതാവിന്‍റെ വരികള്‍ ജനകീയമാക്കുന്നതില്‍ മകന്‍ കാവാലം വഹിച്ച പങ്ക് എടുത്ത് പറയേണ്ടിയിരിക്കുന്നു.
കര്‍ദിനാളിലും, ഭാരതമാതായിലും പഠിച്ചിരുന്ന ജ്യോതി മേനോന്‍ സംഗീത ലോകത്ത് ഇന്നും സജീവമാണ്. തിരുവനന്തപുരം ദൂരദര്‍ശന്‍ മികച്ച ഗായകരെ കണ്ടെത്താന്‍ നടത്താന്‍ നടത്തിയിരുന്ന റിയാലിറ്റി ഷോയായ ഹംസ്വധ്വനിയില്‍ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ജ്യോതിയാണ്.
അഫ്സല്‍ യൂസഫിനെ പോലെ കാഴ്ച്ചാ വൈകല്യം ഒരു തടസവുമില്ലാതെ സംഗീത ലോകം പിടിച്ചടക്കിയ മറ്റൊരു സംഗീത സംവിധായകനും ഗായകനും ത്യക്കാക്കരയില്‍ ഉണ്ട്. ലീലാ ഗിരീഷ് കുട്ടന്‍. അദ്ദേഹം ഗാനരചനയും നടത്തിയിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. അഫ്സല്‍ ഒരു വര്‍ഷവും, ഗിരീഷ് രണ്ട് വര്‍ഷവും ത്യക്കാക്കര ഭാരത് മാതാ കോളേജിന്‍റെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിമാരായിരുന്നു. അടുത്തിടെ ഓണ്‍ ലൈന്‍ റിലീസായ സുജാതയും സൂഫിയും എന്ന ചിത്രത്തില്‍ വാതില്‍ക്കല്‍ വെള്ളരി പ്രാവ്… എന്ന ഹിറ്റ് ഗാനത്തിലെ പുരുഷഭാഗം ആലപിച്ചത് ത്യക്കാക്കര തോപ്പില്‍ നിവാസിയായ സിയാ ഉള്‍ ഹക്കാണ്. ത്യക്കാക്കര സാംസ്കാരിക വേദിയുടെ അമരക്കാരന്‍ ജലീല്‍ താനത്ത് ശ്രദ്ധേയനായ ഗായകനും കൂടിയാണ്. ഒട്ടേറെ സമ്മാനങ്ങള്‍ വാരികൂട്ടിയ അദ്ദേഹം പല ഗാനമേള വേദികളിലും പാടിയിട്ടുണ്ട്.