തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ പലതിന്റേയും ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
സെക്രട്ടേറിയറ്റും നിരവധി ഓഫീസുകളും ഉളള ഇവിടെ പല സ്ഥലങ്ങളിൽ നിന്നാണ് ആളുകൾ വരുന്നത്. അവർക്ക് രോഗം വന്നാൽ വളരെപ്പെട്ടെന്ന് പല സ്ഥലങ്ങളിലേക്ക് ബാധിക്കും. ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കൈവിട്ടു പോയെന്നുവരും. അതിനാലാണ് സമൂഹവ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ട്രിപ്പിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. രോഗം ബാധിച്ചവരെ കണ്ടെത്താൻ ആന്റിജൻ ടെസ്റ്റ് നടത്തുന്നുണ്ട്. പൂന്തുറ, വലിയതുറ, ഫോർട്ട്, ആറ്റുകാൽ, മണക്കാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഇതിൽ പോസിറ്റീവായ കുറച്ചു പേരെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവരെ ക്വാറന്റൈനിലാക്കി. ഈ മേഖലയിൽ രോഗലക്ഷണം കാണുന്ന എല്ലാവരെയും പരിശോധിക്കും. മെഡിക്കൽ റെപ്രസെന്റേറ്റീവ്, മത്സ്യക്കച്ചവടക്കാർ, ഭക്ഷ്യവിതരണക്കാർ തുടങ്ങിയവരെ പരിശോധിക്കും.
മേയ് മൂന്നുവരെ 17 പേർക്കായിരുന്നു തിരുവനന്തപുരത്ത് രോഗം ബാധിച്ചത്. ഇതിൽ 12 പേർ കേരളത്തിന് പുറത്ത് നിന്ന് വന്നതും അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതുമായിരുന്നു. മേയ് നാലു മുതൽ ഇതുവരെ 277 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 216 പേർ കേരളത്തിന്പുറ ത്തു നിന്ന് വന്നവരാണ്. 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായി. മണക്കാട്, പൂന്തുറ ഭാഗങ്ങളിൽ നിരവധി പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായത്. സമ്പർക്കത്തിലൂടെയുള്ള രോഗബാധ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ്.










