സിദ്ദിഖ് പറവൂര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഷാര്‍ജയിലെ അല്‍ ഹംറ തീയ്യറ്ററില്‍ പ്രദര്‍ശിപ്പിച്ചു
ഷാര്‍ജ: പ്രവാസി സിനിമാ പ്രേക്ഷകര്‍ക്ക് വേറിട്ടൊരു ദൃശ്യാനുഭവം പങ്കുവെച്ച് താഹിറ എന്ന ചിത്രം. ഷാര്‍ജ അല്‍ ഹംറ തിയറ്ററില്‍ പ്രീമിയര്‍ നടന്നപ്പോള്‍ ക്ഷണിക്കപ്പെട്ട അതിഥികളും കേട്ടറിഞ്ഞെത്തിയവരും ഉണ്ടായിരുന്നു.
സിനിമയ്ക്ക് പ്രചാരണകോലാഹലങ്ങളില്ലായിരുന്നു. സോഷ്യല്‍ മീഡിയ ക്യാംപെയിനും ഇല്ലായിരുന്നു. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരുകൂട്ടം കലാപ്രേമികള്‍ സിനിമയെ ഇരു കൈയും നീട്ടി സ്വീകരിച്ചു.
ചലച്ചിത്രോത്സവങ്ങളില്‍ കൈയ്യടി നേടിയ ചിത്രമാണ് താഹിറ. രണ്ട് വര്‍ഷം മുമ്പ് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ബംഗളൂരു രാജ്യാന്തര ചലച്ചിത്രേത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച രണ്ടാമത്തെ ഇന്ത്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ബംഗ്‌ളൂരില്‍ നിന്നും നേടി.
പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മേളകള്‍ പിന്നിട്ടാണ് താഹിറ ഗള്‍ഫില്‍ പ്രീമിഷം ഷോയ്‌ക്കെത്തിയത്.
സിനിമ പ്രേക്ഷകരിലേക്കെത്തണമെന്ന ലക്ഷ്യവുമായി സിദ്ദിഖ് യുഎഇയിലെ വിവിധ ഇടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. കലാ സംഘടനകളും സിനിമാപ്രേമികളും സിദ്ദിഖിന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
താഹിറയുടെ പ്രദര്‍ശനം നടത്താന്‍ സന്നദ്ധരായിട്ടുള്ളവര്‍ 971 503655788 എന്ന നമ്പറില്‍ ബന്ധപ്പെടുക.
സിനിമയെക്കുറിച്ച് പ്രേക്ഷകനായ അനസ് മാള എഴുതിയ കുറിപ്പ് വായിക്കാം
നല്ലൊരു സിനിമ കണ്ടു
യാതൊരു ബഹളങ്ങളുമില്ലാതെ സ്വകാര്യമായി കൊണ്ടുനടക്കുന്ന ഒരു സിനിമ. സിനിമ പിടുത്തക്കാരന്റെ ബാധ കയറാത്ത ഒരു സാധാരണക്കാരൻ. ഹൃദയത്തെ വശീകരിക്കുന്ന, മനസ്സിനെ ഉലക്കുന്ന ത്രെഡുകൾ വികസിപ്പിച്ച് അഭ്രപാളിയിലേക്ക് സന്നിവേശിപ്പിക്കുന്ന കലാകാരൻ.
സിനിമാമോഹവുമായി ഔദ്യോഗികജോലിപോലും തുലച്ച് തുനിഞ്ഞിറങ്ങിയ സിനിമാസ്നേഹി. ഉള്ളിൽ ഇനിയും നിറഞ്ഞുതുളുമ്പുന്ന ആശയങ്ങൾ.
കലർപ്പില്ലാത്ത മേക്കിംഗ് ഇഷ്ടപ്പെടുന്ന ഒരാൾ. സാധാരണക്കാരുടെ വിഷയങ്ങൾ അതിനാട്യങ്ങളില്ലാതെ കൈകാര്യം ചെയ്യാനുള്ള മിടുക്ക്.
സംവിധായകനാണോ തിരക്കഥാകൃത്താണോ എന്ന് സ്വയം പോലും വിശ്വസിക്കാത്ത ഒരാൾ… ആയതിനാൽ സ്വന്തം പേരിനുമുകളിൽ ആവിഷ്കാരം എന്ന് മാത്രം വെച്ചിരിക്കുന്നു.
സിദ്ധീക്ക് പറവൂരിന്റെ താഹിറ കാണാത്തവർ കാണണം. ഈ സിനിമ തീർച്ചയായും നിങ്ങളുടെ മനം കവരും. ഹൃദയമുലക്കും. നമ്മുടെ അനുഭവപരിസങ്ങളെ വന്നുതൊടും.
ഈ സിനിമ ടിക്ടോക്കുകളിലോ യൂട്യൂബ് റിവ്യൂകളിലോ കണ്ടെന്ന് വരില്ല. സോഷ്യൽ മീഡിയ പ്രൊമോഷനും ഉണ്ടായെന്ന് വരില്ല. നിഷ്കളങ്കനായ ഒരു സംവിധായകന്റെ കൈയൊതുക്കത്തിൽ വിരിഞ്ഞ നിഷ്കളമായ ഒരു സിനിമയാണ്. തന്റെ കലാമൂല്യത്തെ വിൽപനച്ചരക്ക് ആക്കില്ലെന്ന ദൃഢവിശ്വാസം കൊണ്ടുനടക്കുന്നയാൾ.
താരത്തിളക്കമോ ഹൈപ്പ് മാജിക്കോ ഒന്നുമില്ല. നമ്മുടെയൊക്കെ കപടമായ സൗന്ദര്യസങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണിത്.
ഖലീൽ ജിബ്രാന്റെ കഥാംശം വികസിപ്പിച്ചെടുത്ത ഒന്നാണിത്. ഒപ്പം ജീവിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ ജീവിതാനുഭവും, അവരുടെ തന്നെ അഭിനയവും. എത്ര മനോഹരമായാണ് അവർ അവരുടെ ഭാഗം അനുഭവിച്ചുതീർത്തിരിക്കുന്നത്. കഥാപാത്രത്തിന്റെ പേരും അനുഭവിച്ച ആളുടെയും അഭിനയിച്ച ആളുടെയും പേര് ഒന്നുതന്നെ -താഹിറ!
പനോരമ പുരസ്കാരങ്ങൾ നേടിയ ഈ സിനിമയിൽ സമയത്തെ കൊല്ലുന്ന ഫ്രെയിമുകളില്ല. നന്മയുള്ള നാടൻ കഥാപാത്രങ്ങൾ നമ്മെ ജീവിപ്പിക്കും, ഈ സംഘർഷകാലത്ത പ്രതീക്ഷ സമ്മാനിക്കും. മറ്റുള്ളവർക്ക് വേണ്ടി സമയം നീക്കിവെക്കലാണ് യഥാർത്ഥ സൗന്ദര്യമെന്നറിയും.
തൃശൂർ ജില്ലയിലെ എറിയാട് ഗ്രാമപ്പഞ്ചായത്തിലെ സാധാരണക്കാരി താഹിറയാണ് ഇതിലെ നായിക. കാഴ്ചയില്ലാത്ത ബിച്ചൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് അന്ധനായ ക്ലിന്റ് മാത്യുവാണ്.