തലസ്ഥാന നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക് ഡൗൺ ഏര്‍പ്പെടുത്തി. നാളെ രാവിലെ മുതൽ ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക് ഡൗൺ. ഒരാഴചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക. അതേസമയം, തലസ്ഥാനത്ത് സാമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പറഞ്ഞു.
അടുത്ത ഏഴ് ദിവസം സെക്രട്ടറിയേറ്റ് പ്രവർത്തിക്കില്ല. മെഡിക്കൽ ഷോപ്പും, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവർത്തിക്കും. പൊതു ഗതാഗതം ഉണ്ടാവില്ല. അതേസമയം, എല്ലാ ആശുപത്രികൾ പ്രവർത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളിൽ ജനങ്ങൾക്ക് പോകാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സാറ്റോറിൽ പോകണമെങ്കിൽ കൃത്യമായ സത്യവാങ് മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.











