അബുദാബി / ദാർ എസ് സലാം : ടാൻസാനിയൻ പ്രസിഡന്റ് ഡോ. സാമിയ സുലുഹു ഹസന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ‘രാഷ്ട്ര മാതാവ്’ ബഹുമതി നൽകി ആദരിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ ആദരം, ടാൻസാനിയയിലെ ഔദ്യോഗിക സന്ദർശനത്തിനിടെ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്‌ഖ് അബ്‌ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ഡോ. ഹസന് കൈമാറിയത്.
ഷെയ്‌ഖ് മുഹമ്മദിന്റെ അഭിവാദ്യങ്ങൾ ഷെയ്‌ഖ് അബ്‌ദുല്ല അറിയിക്കുകയും ടാൻസാനിയയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള യുഎഇയുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു. യുഎഇ നൽകിയ ആദരവിന് ഡോ. ഹസൻ നന്ദി അറിയിക്കുകയും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.
വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. സാമ്പത്തിക വളർച്ചയ്‌ക്കായുള്ള പങ്കിട്ട കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതിനായി കസ്റ്റംസ് സഹകരണം, ഖനന മേഖലയിലെ നിക്ഷേപം, യുഎഇ-ടാൻസാനിയ ബിസിനസ് കൗൺസിൽ രൂപീകരണം എന്നിവയുൾപ്പെടെ നിരവധി കരാറുകൾ ഒപ്പുവെച്ചു.











