അബുദാബി : അബുദാബി സാംസ്ക്കാരിക, ടൂറിസം വകുപ്പ് (ഡിസിടി) സംഘടിപ്പിക്കുന്ന അബുദാബി ആർട്ടിന്റെ 17-ാം പതിപ്പ് നവംബർ 19 മുതൽ 23 വരെ മനാറത്ത് അൽ സാദിയാത്തിൽ നടക്കും. യുഎഇയുടെ കലാരംഗത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ എടുത്തുകാണിക്കുന്ന 2025 ലെ വിഷ്വൽ ക്യാംപെയിൻ ആർട്ടിസ്റ്റായി എമിറാത്തി കലാകാരി ഷെയ്ഖ അൽ മസ്രൂ പങ്കെടുക്കും.കമ്മീഷനുകൾ, പ്രദർശനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമാണ് മേള. 2017 ലെ അബുദാബി ആർട് എഡിഷനിൽ ബിയോണ്ട് എമേർജിങ് ആർട്ടിസ്റ്റായി ഷെയ്ഖ പങ്കെടുത്തു. അവരുടെ സൃഷ്ടികളിലെ പുരോഗതി കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും യുഎഇയിലെ അവരുടെ തലമുറയിലെ ഏറ്റവും വിജയംവരിച്ച കലാകാരികളിൽ ഒരാളായി അവർ മാറിയിരിക്കുന്നുവെന്നും അബുദാബി ആർട് ഡയറക്ടർ ഡയാല നുസൈബെ പറഞ്ഞു.ജ്യാമിതീയ അമൂർത്ത ശിൽപങ്ങൾ നിർമിക്കാൻ ഷെയ്ഖ അൽ മസ്രൂ മിനിമലിസവും ആശയപരമായ കലയും ഉപയോഗിക്കുന്നു. മോഡേണിസ്റ്റ്, ബൗഹൗസ് കലാകാരന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്നിർമ്മിച്ച വസ്തുക്കളെ നിറവും രൂപവുമായി ലയിപ്പിച്ചാണ് സൃഷ്ടികളൊരുക്കുന്നത്.അൽ മസ്രൂവിന്റെ സൃഷ്ടികൾ പ്രധാന രാജ്യാന്തര ശേഖരങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ പൗലോ കുൻഹ ഇ സിൽവ ആർട്ട് പ്രൈസ്, ലൂവ്രെ അബുദാബി റിച്ചാർഡ് മില്ലെ ആർട്ട് പ്രൈസ് എന്നിവയുൾപ്പെടെയുള്ള അവാർഡുകൾ നേടി.
