ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി. പക്ഷേ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ടാറ്റ തന്നെ നീക്കം ചെയ്യുകയായിരുന്നു. 2016 ഒക്ടോബറില്‍ മിസ്ത്രിയെ നീക്കം ചെയ്തത് ടാറ്റയെ സംബന്ധിച്ചിടത്തോളം വേദനാജനകവും ബുദ്ധിമുട്ടുള്ളതുമായ തീരുമാനമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രത്തന്‍ ടാറ്റയുടെ ജീവചരിത്രത്തില്‍ പറയുന്നു. ‘രത്തന്‍ ടാറ്റ- എ ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥം രചിച്ചത് തോമസ് മാത്യു ആണ്. ഹാര്‍പ്പര്‍ കോളിന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
സൈറസ് മിസ്ത്രിയുടെ യോഗ്യതയില്‍ രത്തന്‍ ടാറ്റയ്ക്ക് സംശയം വന്നു തുടങ്ങിയത് മിസ്ത്രിയുടെ അപ്രന്റീസ്ഷിപ്പിന്റെ ആദ്യ വര്‍ഷത്തിന്റെ അവസാനത്തോടെയാണ്. ഔപചാരികമായി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഗ്രൂപ്പ് എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും അനുഭവപരിചയവും മിസ്ത്രിക്ക് നല്‍കാനാണ് അപ്രന്റീസ്ഷിപ്പ് ഉദ്ദേശിച്ചത്. 2011ല്‍ ടാറ്റയുടെ പിന്‍ഗാമിയായി മിസ്ത്രിയെ തിരഞ്ഞെടുത്തപ്പോള്‍ ടാറ്റ മുന്നോട്ട് വച്ചത് പ്രധാനമായും രണ്ടുകാര്യങ്ങളാണെന്ന് പുസ്തകം വ്യക്തമാക്കുന്നു. ഒന്ന്, മിസ്ത്രി തന്റെ കുടുംബത്തിന്റെ കമ്പനിയായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണം . രണ്ടാമതായി, ടാറ്റ ഗ്രൂപ്പ് നടത്തിപ്പില്‍ ഉള്‍ക്കാഴ്ചകളും അനുഭവപരിചയവും നേടുന്നതിനായി മിസ്ത്രി ടാറ്റയുമായി ഒരു വര്‍ഷം ഗ്രൂപ്പിനോടൊപ്പം ചേരണം.
അപ്രന്റീസ്ഷിപ്പിന്റെ അവസാനത്തോടെ മിസ്ത്രിക്ക് കമ്പനിയുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് ടാറ്റയ്ക്ക് സംശയം തോന്നിത്തുടങ്ങിയിരുന്നു. മിസ്ത്രിയുടെ ചില മൂര്‍ച്ചയുള്ള ഇടപെടലുകള്‍ ടാറ്റയെ ആശ്ചര്യപ്പെടുത്തിയെന്നും മിസ്ത്രിയുടെ ധാര്‍മ്മികതയ്ക്ക് ടാറ്റയുടെ ധാര്‍മ്മികതയുമായി വൈരുദ്ധ്യമുണ്ടാകുമോ എന്ന് സംശയിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. നിയമനത്തിന് മുമ്പ് മിസ്ത്രിയെ പൂര്‍ണമായി വിലയിരുത്താന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്ന് ടാറ്റ പിന്നീട് പശ്ചാത്തപിക്കുകയും ചെയ്തു.
2016 ഒക്ടോബറില്‍ മിസ്ത്രിയെ നീക്കം ചെയ്തത് ടാറ്റയെ സംബന്ധിച്ചിടത്തോളം വേദനാജനകവും ബുദ്ധിമുട്ടുള്ളതുമായ തീരുമാനമായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. മിസ്ത്രിയെ ഏതെങ്കിലുമൊക്കെ രീതിയില്‍ കമ്പനിയില്‍ നിര്‍ത്താന്‍ ടാറ്റ ശ്രമിച്ചിരുന്നുന്നുെവന്നും അതിന്റെ പേരില്‍ ടാറ്റ കൂടുതല്‍ കഷ്ടപ്പെട്ടിരുന്നുവെന്നും ടാറ്റ സണ്‍സിന്റെ ഡയറക്ടറും ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ചെയര്‍മാനുമായ വേണു ശ്രീനിവാസന്‍ പറയുന്നു.