ജർമൻ ഇതിഹാസ ഗോൾകീപ്പർ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു. ഒന്നര ദശാബ്ദത്തിലേറെ ജർമൻ ഗോൾവല കാത്ത വൻമതിലായിരുന്നു ഈ 38കാരൻ.
ജർമനിയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ എന്ന തിളക്കത്തോടെയാണ് താരം ദേശീയ ടീമിനോട് വിടപറയുന്നത്. ബയേൺ മ്യൂണിക്കിനായി ക്ലബ് ഫുട്ബോളിൽ തുടരും. 2009ലാണ് താരം ജർമൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. 124 മത്സരങ്ങൾ കളിച്ചു. യൂറോ കപ്പിൽ ക്വാർട്ടർ ഫൈനലിൽ
സ്പെയിനിനെതിരെയാണ് അവസാനമായി ജർമൻ കുപ്പായത്തിൽ കളിച്ചത്. ജർമനി കിരീടം നേടിയ 2014 ഫിഫ ലോകകപ്പിൽ നിർണായക പങ്കുവഹിച്ചു. ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും നേടി. 2018, 2022 ലോകകപ്പുകളിൽ ന്യൂയറിന്റെ ക്യാപ്റ്റൻസിയിൽ ലോകകപ്പ് കളിക്കാൻ ഇറങ്ങിയ ജർമനിക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിഞ്ഞില്ല.
നാലു യൂറോ കപ്പിലും ജർമനിയുടെ കാവൽക്കാരനായിരുന്നു. ടോണി ക്രൂസ്, തോമസ് മുള്ളർ, ഇകായ് ഗുണ്ടോഗൻ എന്നിവർക്ക് പിന്നാലെയാണ് ജർമനിയുടെ മറ്റൊരു താരം കൂടി ജർമൻ ദേശീയ ടീമിൽനിന്ന് വിരമിക്കുന്നത്. നേരത്തെ, 2026ലെ ലോകകപ്പ് വരെ ന്യൂയർ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ഇതിഹാസതാരം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ബാഴ്സലോണ ഗോൾ കീപ്പർ അന്ദ്ര ടെർസ്റ്റെഗനാക് ജർമനിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പറാകും.
‘എപ്പോഴാണെങ്കിലും ഈ ദിവസം വരേണ്ടതാണ്. ജർമൻ ദേശീയ ടീമിനൊപ്പമുള്ള യാത്ര അവസാനിക്കുന്നു. വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം’ – ന്യൂയർ പറഞ്ഞു.
