കൊച്ചി: കൺസൾട്ടൻസികളുടെ മറവിൽ സംസ്ഥാനത്ത് നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ ജൂലായ് 31 ന് ശേഷം സമരം ശക്തമാക്കാൻ യു.ഡി.എഫിലെ യുവജന സംഘടനകളുടെ യോഗം തീരുമാനിച്ചു.
അഭ്യസ്ഥവിദ്യരെ നോക്കുകുത്തിയാക്കി സ്വന്തക്കാരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തുകയാണെന്ന് യോഗശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. തട്ടിപ്പുക്കാർക്കും കൊള്ളക്കാർക്കുമാണ് സർക്കാർ ജോലിയിൽ മുൻഗണന ലഭിക്കുന്നത്. ഡി.വൈ.എഫ്.ഐ ഇക്കാര്യത്തിൽ പരസ്യസംവാദത്തിന് തയ്യാറാകണം.
പ്രൈസ് വാട്ടർ കൂപ്പേഴ്‌സുമായുള്ള എല്ലാ ബന്ധങ്ങളുംnb അവസാനിപ്പിച്ച് മുഖ്യമന്ത്രി നട്ടെല്ലുണ്ടെങ്കിൽ മാപ്പ് പറയണം. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള രാഷ്ട്രീയ ധാർമ്മികത പിണറായി വിജയന് നഷ്ടമായി.
കേരളത്തിൽ നടത്തുന്നത് കൺസൾട്ടൻസി ഭരണമാണ്. സി.പി.ഐ പോലും സർക്കാറിനെ അംഗീകരിക്കുന്നില്ല. തട്ടിപ്പും വെട്ടിപ്പും നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്ന് കൊടുത്തു വെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സ്വർണക്കടത്തിന് സ്വപ്ന സുരേഷിന് വഴിയൊരുക്കിയത് ശിവശങ്കറാണ്. ശിവശങ്കറിനെ രക്ഷിക്കാൻ അവസാനം വരെ മുഖ്യമന്ത്രി ശ്രമിച്ചു. സർക്കാറിന്റെ ചിലവിൽ കളളക്കടത്തുകാരെ തീറ്റി പോറ്റുകയാണ്. മന്ത്രിസഭയിലെ ഉന്നതർ പലരും സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്, യൂത്ത് ഫ്രണ്ട് നേതാവ് അജിത്ത് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.











