തിരുവനന്തപുരം: ജൂനിയർ ഡോക്ടർമാരെ മർദ്ദിച്ച രോഗിയുടെ കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ. വക്കം സ്വദേശി അൻസാർ (29) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച പകൽ രണ്ടരയോടെ മൂന്നാം വാർഡിലാണ് സംഭവം. അൻസാറിൻ്റെ അമ്മ റഹ് ലാബീവി (56) ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയെ സ്കാൻ ചെയ്യാൻ വൈകുന്നുവെന്നാരോപിച്ച് അൻസാറും ഇയാളുടെ സഹോദരനും ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർമാരെ മർദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസെത്തി അൻസാറിനെ പിടികൂടി. ഇയാളുടെ സഹോദരൻ ഓടി രക്ഷപ്പെട്ടു. ആശുപത്രി അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ റിമാൻ്റ് ചെയ്തു.











