മനാമ: ജി.സി.സി – യു.എസ് ഉച്ചകോടിയിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും. ഗൾഫ് രാജ്യങ്ങളും യു.എസും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന വേദിയായാണ് ഉച്ചകോടിയെ വിലയിരുത്തുന്നത്.സമാധാനത്തേയും സുരക്ഷയെയും ബാധിക്കുന്ന പ്രാദേശിക, ആഗോള സംഭവവികാസങ്ങളെ അഭിസംബോധന ചെയ്യുന്നതിനും പരസ്പര താൽപര്യങ്ങളെ നിറവേറ്റുന്നതിനുമായി യു.എസുമായി സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഹമദ് രാജാവ് എടുത്തു പറഞ്ഞു.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ ക്ഷണപ്രകാരമാണ് ഹമദ് രാജാവും പ്രതിനിധി സംഘങ്ങളും റിയാദിലെത്തിയത്. റിയാദ് ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, ഇരു രാജ്യങ്ങളിലെയും അംബാസഡർമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഹമദ് രാജാവിനെയും സ്വീകരിച്ചത്.ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനും പ്രാദേശിക, അന്തർദേശീയ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്കും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന് ഹമദ് രാജാവ് നന്ദി അറിയിച്ചു.
