ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന് ഇത് സഹയാകമാകും.
റിയാദ് : സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇതര ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് പ്രത്യേക വീസ നല്‍കുമെന്ന് സൗദി ടൂറിസം മന്ത്രി.
പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും വിനോദ സഞ്ചാരത്തിനായി ഇത് ഉപകരിക്കും. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ നിലവില്‍ ബിസിനസ് വീസ പോലുള്ള സംവിധാനങ്ങളാണ് ഉള്ളത്.
ഇവര്‍ക്ക് പ്രത്യേക ടൂറിസ്റ്റ് വീസയാകും നല്‍കുക. ബിസിനസ് വീസയ്ക്ക് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ അനുമതി പത്രം വേണം. ഇതിനായി സൗദിയിലെ ഏതെങ്കിലും കമ്പനിയുടെ രേഖാമൂലമുള്ള ക്ഷണം അനുബന്ധമായി നല്‍കണം.
പലപ്പോഴും ഈ നടപടിക്രമങ്ങള്‍ വലിയ കാലതാമസത്തിനും വഴിവെയ്ക്കും. ഈ സാഹചര്യത്തിലാണ് പുതിയ ടൂറിസ്റ്റ് വീസ ഫലപ്രദമാകുന്നത്.
പ്രവാസികള്‍ ഇതിനായി അപേക്ഷ നല്‍കിയാല്‍ വീസ കാലതാമസം കൂടാതെ ലഭിക്കും.
ടൂറിസ്റ്റ് വീസ ലഭിച്ചാല്‍ സൗദിയിലെവിടെയും ഉപാധികളില്ലാതെ സഞ്ചരിക്കാം.
ടൂറിസം മേഖലയ്ക്ക് ഊര്‍ജം നല്‍കുന്ന തീരുമാനമാണിതെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. 2030 ഓടെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച രണ്ടക്കം കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ഇതിനൊപ്പം ടൂറിസം മേഖലയില്‍ 200 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും.
ഉംറ വീസയിലുള്ളവര്‍ക്ക് രാജ്യത്ത് എവിടേയും സഞ്ചരിക്കാനുള്ള അനുമതിയും ഇതിനൊപ്പം നല്‍കും. ഉംറ വീസയുടെ കാലാവധിയും വര്‍ദ്ധിപ്പിക്കുന്നതോടെ തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് സൗദിയിലെ മറ്റ് നഗരങ്ങളില്‍ എത്താനുള്ള സൗകര്യവും ലഭിക്കും.












