ജിസാൻ • പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിൽ മിന്നലേറ്റ് മൂന്നു മരണം. അൽആരിദയിൽ മിന്നലേറ്റ് സൗദി പൗരനും പ്രവാസി തൊഴിലാളിയും മരിച്ചു. ഒരേസ്ഥലത്ത് ഒപ്പം നിൽക്കുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. അൽദർബിലെ റംലാൻ ഗ്രാമത്തിൽ മിന്നലേറ്റ് യെമനി ആട്ടിടയനും മരിച്ചു. വാദി റംലാനിൽ രൂപപ്പെട്ട മലവെള്ളപ്പാച്ചിലിനിടെ പ്രദേശത്ത് കുടുങ്ങിയ ആടുകളെ കൊണ്ടുവരാൻ പോയപ്പോഴാണ് യെമനി ഇടയന് മിന്നലേറ്റത്. ശക്തമായ മഴയിലും കാറ്റിലും ജിസാനിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി.ശക്തമായ കാറ്റിൽ ജിസാനിൽ ഏതാനും ഹൈടെൻഷൻ വൈദ്യുതി ടവറുകൾ നിലംപതിച്ചു. അബ്ദുൽ ജഹ്വ, അബുൽ അസ്റാർ, അൽമഹ്ദജ്, അൽഹൽഹല, അൽഅശ, അൽ ഹംറാ, അൽകസ് എന്നീ ഗ്രാമങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. പ്രവിശ്യയിൽ നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിലായി. താഴ്വരകളിൽ മലവെള്ളപ്പാച്ചിലുണ്ടായി. ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്തു.
ജിസാൻ, പ്രവിശ്യയിൽ പെട്ട അബൂഅരീശ്, അഹദ് അൽമസാരിഹ, അൽവാൽ, സ്വബ്, സ്വാംത, ദമദ്, അൽഹരഥ്, അൽആരിദ, അൽഈദാബി, ഫൈഫ, അൽദർബ്, അസീർ പ്രവിശ്യയിൽപെട്ട അബഹ, അഹദ് റുഫൈദ, അൽറബുഅ, ഖമീസ് മുശൈത്ത്, സറാത്ത് ഉബൈദ, ദഹ്റാൻ അൽജുനൂബ്, അൽബാഹ് പ്രവിശ്യയിൽ പെട്ട അൽഅഖീഖ്, അൽഖുറ, മന്ദഖ്, ബൽജുർശി, ബനീഹസൻ, മഖ്വാ, ഖിൽവ, അൽഹജ്റ, ഗാമിദ് അൽസിനാദ് എന്നിവിടങ്ങളിലെല്ലാം ഇന്നലെ മഴ പെയ്തിരുന്നു.











