വേനല്‍ അവധിയും ബലിപ്പെരുന്നാള്‍ അവധിയും ഒരുമിച്ച് വന്നപ്പോള്‍ എല്ലാവരും ഉത്സാഹത്തിലായിരുന്നു
ജിദ്ദ : കഴിഞ്ഞ ദിവസം ജിദ്ദയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മരിച്ചത് ഞെട്ടലോടൊയാണ് ജിദ്ദ ഇന്ത്യര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും കേട്ടത്.
തങ്ങളുടെ സ്‌കൂളിലെ സഹോദരങ്ങളായ മൂന്നു വിദ്യാര്‍ത്ഥികള്‍ വേനലവധി കഴിഞ്ഞ് ക്ലാസുകള്‍ തുടങ്ങുമ്പോള്‍ ഇനി ഉണ്ടാവില്ലെന്ന് വിശ്വസിക്കാന്‍ അവര്‍ക്കാവുന്നില്ല. ജിദ്ദ സ്‌കൂളിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വാര്‍ത്ത പരന്നതോടെ അവധിക്ക് നാട്ടില്‍ പോയ കുട്ടികള്‍ക്ക് ഞെട്ടലിലായി. കേട്ട വാര്‍ത്ത സത്യമാവാതിരിക്കാന്‍ അവര്‍ ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്തു.
എന്നാല്‍, മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ടതോടെ പലരും ഹാപ്പി വെക്കേഷന്‍സ് പറഞ്ഞ് പിരിഞ്ഞത് ഓര്‍ത്തു.
ബലിപ്പെരുന്നാള്‍ അവധി ദിവസം ആഘോഷിക്കാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം രണ്ട് വാഹനങ്ങളിലായി പോയവരില്‍ ഒരു സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.യുപി ലക്‌നൗ സ്വദേശികളാണ് ഏവരും.
അഞ്ചു പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ മൂന്നു പേര്‍ കുട്ടികളും സഹോദരങ്ങളുമായിരുന്നു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അയാന്‍ മുഹമദ് നിയാസ്, സഹോദരി ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഇഖ്‌റ നിയാസ് , ഇളയ സഹോദരന്‍ അനസ് നിയാസ് എന്നിവരാണ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചത്.
ഇവരുടെ പിതൃസഹോദരന്‍ ഇനായത് ഖാന്‍ മാതൃസഹോദരന്‍ തൗഫീഖ് എന്നിവരാണ് മരിച്ച രണ്ടു പേര്‍.
തൂവ്വലില്‍ നിന്നും ജിദ്ദയിലേക്ക് മടങ്ങും വഴിയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഖുലൈസില്‍ മറ്റൊരു വാഹനത്തില്‍ ചെന്ന് ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കുട്ടികളുടെ മാതാപിതാക്കളും മറ്റ് ബന്ധുക്കളും മറ്റൊരു വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഇളയ കുട്ടിയായ അനസ് സഹോദരങ്ങള്‍ക്കൊപ്പം പോകണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരഞ്ഞ ശേഷം അപകടം ഉണ്ടായ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. ഉത്സാഹത്തിമിര്‍പ്പിലായിരുന്നു എല്ലാവരും.
മാതാപിതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം മുന്നിലായാണ് പോയത്. പിന്നാലെ വന്ന വാഹനം കുറച്ചു നേരം കഴിഞ്ഞും കാണാതെ ആയപ്പോള്‍ ഇവര്‍ മൊബൈലില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ മറുപടി ഇല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ മടങ്ങി വരവെയാണ് വാഹനം അപകടത്തില്‍പ്പെട്ടതും ചോരയില്‍ കുളിച്ച് ഏവരും മരിച്ച നിലയിലും കണ്ടത്.
വാവിട്ട് നിലവിളിച്ച മാതാപിതാക്കള്‍ അടിയന്തര സഹായത്തിന് പോലീസിനെ വിളിക്കുകയായിരുന്നു. എയര്‍ ആംബുലന്‍സ് വന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ശരീരം അനങ്ങിയതു കണ്ട് ഇതിലൊരാളെ ഹെയലികോപ്ടറില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം എംബാംമിംഗ് എന്നിവയ്ക്കായി ആശുപത്രിയിലാണ്.